ട്രംപിന് വീണ്ടും തിരിച്ചടി, മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാവിലക്കിനുള്ള സ്റ്റേ തുടരും

single-img
26 May 2017

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ട് ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് അമേരിക്കയിലെ അപ്പീല്‍സ് കോടതി തള്ളി. മതത്തിന്റെ പേരിലുള്ള വിലക്ക് അസഹിഷ്ണുതയാണെന്ന് കോടതി വിലയിരുത്തി. തീവ്രവാദ ഭീഷണി നേരിടാനും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടാന്‍ മുസ്ലിം യാത്രാവിലക്കിന് പകരം ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് കോടതി വിലയിരുത്തി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മാര്‍ച്ച് 15 അര്‍ധരാത്രി മുതല്‍ 90 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്. എന്നാല്‍ ഉടന്‍ തന്നെ യാത്രാ വിലക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഡിസ്ട്രിക്ട് കോടതികള്‍ പുറപ്പെടുവിച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് യാത്രാ വിലക്കിനെതിരെ കോടതിയെ സമീപിച്ചത്. കീഴ്‌കോടതികളുടെ വിധിക്കെതിരെ അമേരിക്കന്‍ ഭരണകൂടം അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് വിധി ഉണ്ടായത്. വിര്‍ജീനയിലെ നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി മൂന്നിനെതിരെ 10 എന്ന ഭൂരിപക്ഷത്തിലാണ്, യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.