മോദിസര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; 900 കേന്ദ്രങ്ങളില്‍ മോദി ഫെസ്റ്റ്

single-img
26 May 2017

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിപുലമായ പരിപാടികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇന്ന് മുതല്‍ ജൂണ്‍ 15 വരെ മോദി ഫെസ്റ്റ് എന്ന പേരില്‍ 900 നഗരങ്ങളില്‍ ബി ജെ പി പ്രചാരണ പരിപാടികള്‍ നടത്തും. കേരളം, ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി വിവിധ ദേശീയ നേതാക്കള്‍ ഈ സംസ്ഥാനങ്ങളിലെത്തും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍, ജെ പി നദ്ധ, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരാണ് കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

പ്രചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗുവാഹത്തിയില്‍ പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. ആസാമിലെ സദിയയില്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ഉദ്ഘാടനം ചെയ്താണ് മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാലമാണിത്.

ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പാക്കാനുള്ള ശ്രമം വിജയിച്ചതൊഴിച്ചാല്‍ ശ്രദ്ധേയമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെയാണ് വാര്‍ഷികാഘോഷം. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം സാമ്പത്തികമായി ഏറെ മുന്നേറിയെന്ന് സര്‍ക്കാര്‍ പറയുന്നു. നോട്ടസാധുവാക്കലില്‍ ജനം വലഞ്ഞെങ്കിലും രാജ്യത്തെ കള്ളപ്പണ ഒഴുക്ക് പിടിച്ച് കെട്ടിയെന്നും അവകാശപ്പെടുന്നുണ്ട്.