കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദയെ മുഖ്യമന്ത്രിയാക്കുമെന്ന് കോടിയേരി

single-img
25 May 2017

കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ബലാത്സംഗത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീർത്ഥപാദരെ മുഖ്യമന്ത്രിയാക്കുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തീവ്രഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാക്കിയതിനെ പരാമർശിക്കുമ്പോഴായിരുന്നു കോടിയേരിയുടെ വക പരിഹാസം.

ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സന്യാസിയാണു യോഗി ആദിത്യനാഥ് എന്നും സന്യാസിമാർ പലതരത്തിലുണ്ടെന്ന് ഇപ്പോൾ കേരളക്കാർക്കും മനസ്സിലായിട്ടുണ്ടെന്നും പറഞ്ഞ കോടിയേരി ദൈവത്തിന്റെ പ്രതിപുരുഷനായ ഒരു സന്യാസിയെക്കുറിച്ചാണു തിരുവനന്തപുരത്തുവന്ന റിപ്പോർട്ട് എന്നു ഓർമ്മിപ്പിക്കുകയും ചെയ്തു.

ബലാത്സംഗശ്രമത്തിനിടേ ലിംഗം മുറിച്ചുമാറ്റപ്പെട്ട ഗംഗേശാനന്ദ തീർത്ഥപാദരെയാണു കോടിയേരി വ്യംഗ്യമായി പരാമർശിച്ചത്.

“ഈ കേരളത്തിൽ ബിജെപിയെങ്ങാനും നാളെ ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരുന്ന സാഹചര്യമുണ്ടായാൽ ഒരു പക്ഷേ ശരീരത്തിന്റെ ഒരുഭാഗം പോയ ആ സന്യാസി കേരളത്തിന്റെ മുഖ്യമന്ത്രിയായെന്നുവരും,” കോടിയേരി പരിഹാസപൂർവ്വം പറഞ്ഞു.

ഈ സന്യാസിയെ ആശുപത്രിയിൽ ശുശ്രൂഷിക്കാൻ രണ്ടുസന്യാസിമാരെ നിയമിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

എല്ലാ സന്യാസിമാരേയും അടച്ചാക്ഷേപിക്കുകയല്ല താനെന്നു പറഞ്ഞ കോടിയേരി, ശ്രീനാരായണഗുരുവിനേപ്പോലെയുള്ളവരും ഇവരും ഒരുപോലെ സന്യാസിമാരെന്നു അവകാശപ്പെടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചു.

കണ്ണൂരിലെ ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി.