വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ ‘എം-കേരളം’ വരുന്നു

single-img
24 May 2017

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ ‘എം-കേരളം’ ജൂണില്‍ ആരംഭിക്കമെന്ന് പിണറായി വിജയന്‍. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. വിവര കൈമാറ്റം, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പണമടക്കല്‍, രേഖകളുടെയും അപേക്ഷകളുടെയും ഓണ്‍ലൈന്‍ സമര്‍പ്പണം എന്നിവയടക്കം സംവിധാനങ്ങളോടെയാണ് ആപ് തയാറാക്കുന്നത്. നിലവില്‍ വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ ഒറ്റ മൊബൈല്‍ ‘ആപ്പി’ല്‍ ഉള്‍ക്കൊള്ളിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലായ www.kerala.gov.in ന്റെ മൊബൈല്‍ പ്‌ളാറ്റ്‌ഫോമായി ആപ് ഉപയോഗപ്പെടുത്താനാണ് തീരുമാനം.

സേവനങ്ങള്‍ വിശാലമാണെങ്കിലും എം-കേരളം മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 15 എം.ബി മെമ്മറിയേ ആവശ്യമുള്ളൂ. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എച്ച്, ബ്‌ളാക്‌ബെറി, വിന്‍ഡോസ് തുടങ്ങിയ ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രൂപത്തിലാണ് ആപ്തയാറാക്കിയിട്ടുള്ളത്. 2ജിയിലും വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ സാങ്കേതിക മികവുമുണ്ടാകും. ഇ-ഡിസ്ട്രിക്ട് പദ്ധതിവഴി ലഭ്യമാകുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍, ബി.എസ്.എന്‍.എല്‍ ബില്‍ അടക്കല്‍, റെയില്‍വേ-കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, വിവിധ ഓഫിസുകളിലെ ഫയല്‍ ട്രാക്കിങ്, വിവിധ സര്‍വകലാശാലകളുടെ പരീക്ഷാ ഫീസ് അടക്കല്‍, പരീക്ഷാഫലങ്ങള്‍, കേരള പൊലീസിന്റെ ഇ-ചെലാന്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ ലൈസന്‍സ്-വാഹന വിവരങ്ങള്‍, ട്രെയിനുകളുടെ സ്ഥിതിവിവരം എന്നിവ ഈ ആപ്‌ളിക്കേഷന്‍ വഴി ലഭ്യമാകും.