തട്ടിപ്പിലൂടെ പമ്പുടമകൾ നേടുന്നത് 20 ലക്ഷം രൂപ വരെ;ഇന്ധനത്തിന്റെ അളവില്‍ കുറവുവരുത്തി പെട്രോള്‍ പമ്പുടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള മൈക്രോചിപ്പുകള്‍ വില്‍ക്കുന്ന സംഘം പോലീസ് പിടിയില്‍

single-img
24 May 2017


മുംബൈ: പെട്രോള്‍ പമ്പുടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള മൈക്രോചിപ്പുകള്‍ വില്‍പ്പന നടത്തുന്ന ഗൂഢസംഘം പോലീസ് പിടിയില്‍. ഇത്തരം മൈക്രോചിപ്പുകള്‍ നിര്‍മിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുനല്‍കിയ രണ്ടുപേരാണ് മഹാരാഷ്ട്രയിലെ ഡോംബിവിലിയിലും പുണെയിലും പിടിയിലായത്. പെട്രോള്‍പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്ന യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റില്‍ കൃത്രിമം കാണിച്ച് അളവുകുറയ്ക്കുന്നതിനുള്ള ചിപ്പുകളാണ് ഈ സംഘം നിര്‍മിച്ചുനല്‍കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ അളവില്‍ 50 മില്ലി ലിറ്റര്‍ മുതല്‍ 100 മില്ലി ലിറ്റര്‍ വരെ കുറവുവരുത്തുന്ന സംവിധാനമാണിത്. സംഘത്തിലെ ചിലര്‍ നേരത്തേ ഉത്തര്‍പ്രദേശിലും ബിഹാറിലും അറസ്റ്റിലായിരുന്നു.

തിരക്കുള്ള പമ്പുകളില്‍ 20 ലക്ഷം രൂപ വരെ കൊള്ളലാഭം കിട്ടിയിരുന്നതായാണ് കണക്കാക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം ലഖ്നൗവിലെ ചില പമ്പുകളില്‍ കഴിഞ്ഞമാസം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പെട്രോള്‍ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ചെറിയ നഷ്ടം സംഭവിക്കുമ്പോള്‍ പമ്പുടമയ്ക്ക് വന്‍ ലാഭം കൊയ്യാന്‍ കഴിയും. സംഭവവുമായി ബന്ധപ്പെട്ട് യു.പി.യുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 24 പേര്‍ പിടിയിലായി. സംഘാംഗങ്ങളില്‍ ചിലരെ ബിഹാറിലെ പൂര്‍ണിയയില്‍നിന്ന് അറസ്റ്റുചെയ്തു. പമ്പില്‍ സ്ഥാപിച്ച ചിപ്പ് നിര്‍മിച്ചുനല്‍കുന്നത് മഹാരാഷ്ട്രയിലുള്ളവരാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യു.പി.പോലീസും മഹാരാഷ്ട്ര പോലീസും ചേര്‍ന്ന് ഇതിന്റെ സൂത്രധാരന്മാരെ അറസ്റ്റുചെയ്തത്. മുംബൈയ്ക്കടുത്ത് ഡോംബിവിലിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിവേക് ശെയ്ത്തേ (47), പുണെയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന അവിനാശ് നായിക് (37) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.

ഫിസിക്സില്‍ ബിരുദാനന്തരബിരുദവും കംപ്യൂട്ടര്‍ വൈദഗ്ധ്യവുമുള്ള വിവേകാണ് ചിപ്പ് നിര്‍മിക്കുന്നതെന്ന് പോലീസ് പറയുന്നു. പെട്രോള്‍ ഡിസ്പെന്‍സിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റില്‍ ഘടിപ്പിക്കാവുന്ന രീതിയില്‍ അതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നത് അവിനാശാണ്. ഒരു ചിപ്പിന് 3000 രൂപയാണ് വിവേക് ഈടാക്കിയിരുന്നത്. അവിനാശിന്റെ പ്രോഗ്രാമിങ്ങുംകൂടി കഴിഞ്ഞ ചിപ്പ് 10,000 രൂപയ്ക്കാണ് പെട്രോള്‍ പമ്പുകള്‍ക്ക് വിറ്റിരുന്നത്. നൂറിലേറെ ചിപ്പുകളും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള റിമോട്ട് കണ്‍ട്രോള്‍ യൂണിറ്റുകളും ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പമ്പുകളില്‍ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മഹാരാഷ്ട്രയിലും മറ്റുസംസ്ഥാനങ്ങളിലും ഇവ എത്രമാത്രം പ്രചാരത്തിലുണ്ടായിരുന്നു എന്നറിയാന്‍ പരിശോധന നടക്കുകയാണ്.

തട്ടിപ്പിലൂടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്ന യന്ത്രത്തിന് മൂന്നുഭാഗങ്ങളാണുള്ളത്. പള്‍സ് യൂണിറ്റ്, സെന്‍ട്രല്‍ യൂണിറ്റ്, ഡിസ്പെന്‍സിങ് യൂണിറ്റ്. ഇതില്‍ പള്‍സ് യൂണിറ്റിലെ ചിപ്പ് പുറപ്പെടുവിക്കുന്ന സ്പന്ദനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്പെന്‍സിങ് യൂണിറ്റ് ഇന്ധനം പുറത്തേക്കുവിടുന്നത്. സെന്‍ട്രല്‍ യൂണിറ്റാണ് ഇതിനുവേണ്ട നിര്‍ദേശം നല്‍കുന്നത്. ചിപ്പില്‍നിന്ന് നൂറുസ്?പന്ദനം പുറത്തുവരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ പുറത്തുവരുന്ന രീതിയിലാണ് എണ്ണക്കമ്പനികള്‍ യന്ത്രം സജ്ജമാക്കുന്നത്. കമ്പനിവെയ്ക്കുന്ന ചിപ്പ് എടുത്തുമാറ്റി പകരം പുതിയ ചിപ്പ് വെയ്ക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ദേശം നല്‍കുമ്പോള്‍ നൂറുസ്പന്ദനം പുറപ്പെടുവിക്കുന്നതിനുപകരം 90-95 സ്പന്ദനങ്ങള്‍ പുറപ്പെടുവിക്കുന്ന രീതിയിലാണ് കൃത്രിമചിപ്പ് തയ്യാറാക്കുന്നത്. പുറത്തുവരുന്ന ഇന്ധനത്തില്‍ അപ്പോള്‍ 50 മില്ലിലിറ്റര്‍ മുതല്‍ 100 മില്ലിലിറ്റര്‍ വരെ കുറവുണ്ടാവും. പുറത്തുനിന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ചിപ്പുകളും ഒരിക്കല്‍ സജ്ജമാക്കിയാല്‍ അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പുകളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. ഒരു ചിപ്പ് ഏതാണ്ട് രണ്ടുമാസക്കാലമാണ് പ്രവര്‍ത്തിക്കുക. പിന്നെ പുതിയ ചിപ്പ് വെയ്ക്കണം.