കലാഭവന്‍ മണിയുടെ മരണം:അസ്വാഭാവിക മരണത്തിനു സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

single-img
23 May 2017


കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അതിനുത്തരവിടുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസില്‍നിന്ന് ഏറ്റുവാങ്ങി.

2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. മണിയുടെ വിശ്രമകേന്ദ്രമായ പാഡിയില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. മണിയുടെ ശരീരത്തില്‍ ക്രമാതീതമായ അളവില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നല്‍കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കും സഹായികള്‍ക്കുമെതിരെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സംശയമുന്നയിച്ചിരുന്നു.