സംവരണം അട്ടിമറിക്കാൻ വഴിയിനി വർഗ്ഗസിദ്ധാന്തത്തിൽ നിന്നോ…

വിശാഖ് ശങ്കർ

 

സംവരണമെന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചർച്ചകൾക്കും തർക്ക വിതർക്കങ്ങൾക്കും ചുരുങ്ങിയത് അരനൂറ്റാണ്ടിലേറെ പ്രായമുണ്ട്. എന്നാൽ നാളിത്ര കഴിഞ്ഞിട്ടും ഈ വിഷയത്തിൽ ഒരു തീരുമാനമായില്ല എന്നത് വിഷയത്തിന്റെ സങ്കീർണ്ണതയെ സൂചിപ്പിക്കുന്ന ഒന്നല്ല താനും. സംവരണ വിരുദ്ധരുടെ വാദങ്ങൾ ഓരോന്നും അത് ഉയർന്നുവന്ന കാലത്തുതന്നെ പൊളിച്ചടുക്കപ്പെട്ടവയാണ്. എന്നാൽ അവ തന്നെ വീണ്ടും വീണ്ടും പല വേഷങ്ങളിൽ പുനരവതരിക്കുന്നു എന്നതാണ് സത്യം. ഇതിലൂടെ സംഭവിക്കുന്നത് ഈ സംവാദങ്ങളുടെ ധൈഷണിക മൂല്യം ഏതാണ്ട് പൂജ്യമായി മാറുന്നു എന്നതാണ്. വിഷയത്തിലുള്ള ധൈഷണിക, സൈദ്ധാന്തിക താല്പര്യവും സമാന്തരമായി റദ്ദ് ചെയ്യപ്പെടുന്നു. എന്നാൽ സംവരണ വിരുദ്ധർ ഇത് പേർത്തും പേർത്തും ഉയർത്തിക്കൊണ്ടുവരുന്നത് ധൈഷണികമോ, സൈദ്ധാന്തികമോ ആയ സംവാദതാല്പര്യങ്ങൾ മുൻ നിർത്തിയല്ല. അവ പ്രചരണ പരമാണ്. സംവരണം എന്ന ആശയം അത് മുന്നോട്ടുവയ്ക്കപ്പെട്ട നാളുമുതൽ ഇന്നുവരെയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതിനാൽ അവ ഉൾക്കൊള്ളുന്നു എന്ന് പറയുന്ന മൂല്യങ്ങൾ ഒരുനിലയ്ക്കും അനിഷേദ്ധ്യമല്ല, സന്ദിഗ്ധമാണ് എന്ന പ്രതീതി പൊതുസമൂഹത്തിൽ ഉലപാദിപ്പിച്ച് അത് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ലക്ഷ്യം.

എത്രയോ തവണ എത്രയോ പേർ ഫലപ്രദമായി സ്ഥാപിച്ചുകഴിഞ്ഞ ഒരു വസ്തുതയ്ക്ക് മേൽ പിന്നെയും നടക്കുന്ന ചർച്ചകൾ എത്രത്തോളം നിരർത്ഥകമാണെന്ന് കണ്ട് പലരും താല്പര്യം നഷ്ടപ്പെട്ട് അവയിൽ നിന്ന് പിന്മാറുന്നു. സ്വാഭാവികം. എന്നാൽ മേല്പറഞ്ഞ സംവരണ വിരുദ്ധ പ്രചരണങ്ങളുടെ പരോക്ഷ ലക്ഷ്യങ്ങളിൽ ഒന്ന് ഇതുമാണ് എന്ന കാര്യം ആ മടുപ്പിനിടയിൽ നാം കാണാതെ പോകരുത്. ഒന്നായ ആവശ്യം മൂന്നായ് പിരിഞ്ഞ കഥ ജാതി സംവരണം എന്ന ആശയം മുമ്പോട്ട് വയ്ക്കപ്പെട്ട കാലം തൊട്ടേ അതിനെതിരേ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അത് അര നൂറ്റാണ്ട് കഴിഞ്ഞും തുടരുന്നു എന്നേ ഉള്ളു.ഭാഷ്യങ്ങളിലല്ലാതെ അടിസ്ഥാന ആശയത്തിൽ മാറ്റമൊന്നുമില്ല.

മോഹൻ ഭഗവത്

ബ്രാഹ്മണിക്ക് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിന് തുല്യതയെന്ന ആശയത്തെ അതിന്റെ മാനവികമോ, നൈതീകമോ ആയ അർത്ഥത്തിൽ അംഗീകരിക്കാനാവില്ല. എന്നാൽ ആധുനികത സാർവ്വജനീനമാക്കിയ ആ ആശയപരിസരത്തെ പൂർണ്ണമായി നിഷേധിക്കാൻ പോന്ന ഒരു ധൈഷണിക മൂലധനം ആർജ്ജിക്കാനും അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നീക്കുപോക്കുകൾ കൊണ്ട് അതിന്റെ മൗലീക ഘടനയെ തകർക്കുകയും അങ്ങനെ ആ വെല്ലുവിളിയെ വ്യാജ പ്രചരണങ്ങളിലൂടെ സമാന്തരമായി നിർമ്മിച്ചെടുത്ത സംവരണവിരുദ്ധ പൊതുബോധമുപയോഗിച്ച് ക്രമേണ പൂർണ്ണമായും ഇല്ലായ്മ ചെയ്യുകയുമാണ് പുതിയ അടവ് നയം.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തുല്യ ശേഷിയുള്ളവരായല്ല, അതുകൊണ്ട്തന്നെ എല്ലാവർക്കും എല്ലാം ചെയ്യാനാവില്ല. മനുഷ്യനിർമ്മിതമായ ‘തുല്യത’ പോലെയുള്ള ആശയങ്ങളുടെ ബലത്തിൽ മനുഷ്യരെ അവർക്ക് പറ്റാത്ത കാര്യങ്ങൾ ഏല്പിച്ചാൽ അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള പരാജയത്തിൽ കലാശിക്കും എന്നതാണ് ഈ വാദങ്ങളുടെയൊക്കെ അടിത്തറ. എന്നാൽ അത് ഓരോ തവണ പൊതുവിൽ തകർക്കപ്പെടുമ്പോഴും വിശദാംശങ്ങളിൽ സവിശേഷമായി സ്പർശിക്കപ്പെടാത്ത എന്തെങ്കിലും ബാക്കി ഉണ്ടാകും. ചരിത്രബോധം ഊറ്റിക്കളഞ്ഞ് തയ്യാർ ചെയ്ത ഒരു സമൂഹത്തിലേയ്ക്ക് അവയെ നിർമ്മിതമായ വാർത്തകളിലൂടെ വസ്തുതാരഹിതമായി സന്നിവേശിപ്പിച്ച് ദാ, ഒരു പുതിയ യുക്തി എന്ന നിലയിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം.

സംവരണമെന്ന ആശയം മുന്നോട്ട് വയ്ക്കപ്പെട്ട അന്നുമുതൽ തുടങ്ങുന്നതാണ് സംവരണ വിരുദ്ധതയുടെ ചരിത്രവും എന്നിരിക്കിലും അതിന്റെ വക്താക്കൾ അതിനായി അവലംബിച്ച സാംസ്കാരിക യുക്തികൾക്ക് അങ്ങനെ ഒരു അനുസ്യൂതിയില്ല. സത്താപരമായി ഒന്നാണെങ്കിലും പ്രവർത്തിതലത്തിൽ അത് മൂന്നായി പിരിയുന്നത് സംവരണ വിരുദ്ധ ആഖ്യാനങ്ങളുടെ പൊതു ചരിത്രത്തെ പരിശോധിച്ചാൽ നമുക്ക് കാണാനാവും.ഓരോ പിരിവും അതിൽ തന്നെ ഒരു സങ്കീർണ്ണത ഉലപാദിപ്പിക്കുന്നുണ്ട്. ഒപ്പം മുമ്പുള്ളതിനെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ഓർമ്മക്കുറവ് ഉല്പാദിപ്പിക്കുന്ന ഒരു അധിക സാദ്ധ്യതയും. അങ്ങനെ മറവിയുടെ തണലിൽ ഒളിച്ചുകടത്തിയ കളവുകളിലൂടെയാണ് അവർ സംവരണ വിരുദ്ധതയുടെ യുക്തികളും സംവരണ മൂല്യങ്ങളെപ്പോലെ ചരിത്രത്തിലുടനീളം സാധുവായിരുന്നു, അതൊരു കൗണ്ടർ നറേറ്റീവായിരുന്നു എന്ന അനുഭവം ഇന്ന് ഉല്പാദിപ്പിക്കുന്നത്. സത്യമെന്ന ഒന്നില്ലെന്നും എല്ലാം ‘ഓൾട്ടർനേറ്റ്‘ സത്യങ്ങളാണെന്നുമുള്ള സത്യാനന്തര ദാർശനിക വിചാരമാണല്ലോ ഇപ്പോൾ അക്കാദമികവും അല്ലാത്തതുമായ സാംസ്കാരിക വൃത്തങ്ങളിൽ ഒരുപോലെ ഫാഷൻ. ആ നിലയ്ക്ക് പ്രസ്തുത അവകാശവാദത്തെ അങ്ങനെയങ്ങ് തള്ളാനും പറ്റില്ല‘ എന്ന് കൂട്ടിക്കൊള്ളുക!


ആവശ്യം ഒന്ന്:
 രാജ്യ പുരോഗതിയെ കരുതിയെങ്കിലും യോഗ്യത മാനദണ്ഢമാക്കണം

രാഷ്ട്രപിതാവും ദാർശനികനുമായ ‘മഹാത്മാ ഗാന്ധി‘യെ തന്നെ എടുക്കുക. അദ്ദേഹം വിദ്യാഭ്യാസരംഗത്തെ സംവരണത്തെ ഭാഗികമായി അംഗീകരിച്ചിരുന്നു എങ്കിലും തൊഴിൽ രംഗത്തെ സംവരണത്തോട് കടുത്ത എതിർപ്പുള്ള ആളായിരുന്നു എന്നത് ഒരു പുതിയ അറിവല്ല. വിദ്യാഭ്യാസമേഖലയിലേയ്ക്ക് ദളിതർക്ക് പ്രവേശനം നൽകാനായി അവശ്യ സംവരണമൊക്കെയാകാമെങ്കിലും തൊഴിൽ മേഖലയിൽ യോഗ്യതയായിരിക്കണം നിയമനത്തിന്റെ അടിസ്ഥാനമെന്നും അല്ലെങ്കിൽ അത് രാജ്യ പുരോഗതിയെ പിന്നോട്ട് വലിക്കും എന്നതുമായിരുന്നു അദ്ദേഹത്തിന്റേതുൾപ്പെടെ അന്നത്തെ പല പുരോഗമനവാദികളുടെ പോലും പ്രമുഖ വാദം.

എന്താണീ യോഗ്യത? മൽസരം ഏതാനും ചില വിഭാഗങ്ങൾക്കിടയിൽ മാത്രമാക്കി നിജപ്പെടുത്തുകയും ഗണ്യമായ സംഖ്യവരുന്ന മറ്റൊരു വിഭാഗത്തെ അതിൽനിന്ന് സ്ഥിരമായി അകറ്റി നിർത്തുകയും ചെയ്തുപോന്ന ഒരു സമൂഹത്തിൽ നടന്നിരുന്ന മൽസരങ്ങളേ അശാസ്ത്രീയവും അന്യായവുമായേ വിശേഷിപ്പിക്കാൻ പറ്റു; അതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യതയും. എന്നാൽ സഹസ്രാബ്ധങ്ങളായി തുടരുന്ന ഈ പതിവിനെ ഒരുദിവസം ഇല്ലാതാക്കി ഇനി നിങ്ങൾ എല്ലാവരും മൽസരിച്ചോളു എന്ന് പറഞ്ഞാൽ അതിൽ നിന്ന് നീതി ഉല്പാദിപ്പിക്കപ്പെടുകയുമില്ല.കാരണം ക്ഷമത എന്നത് വ്യക്തിഗതമെന്നതിലുപരി ചരിത്രപരമാണ്. എന്നാൽ ഈ വാദം അന്നേ ‘അനിഹിലേറ്റ്‘ ചെയ്യപ്പെട്ടതുമില്ല. അത് കുറേകാലം നിശബ്ദമായിരുന്നു. പുതിയ ഒരു വാദം കിട്ടുന്നതോടെ പിന്നീട് അത് വീണ്ടും പഴയതിനോട് ഘടിപ്പിക്കപ്പെട്ട് പുനർജനിച്ചു.

(സംവരണത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന ആരക്ഷൺ എന്ന സിനിമയിലെ ഒരു രംഗം. പ്രകാശ് ഝാ ആണു ചിത്രം സംവിധാനം ചെയ്തത്)

സംവരണ വിരുദ്ധ വാദങ്ങളുടെ ചരിത്രം നോക്കിയാൽ അതിൽ വർത്തമാനത്തെ ഉപജീവിക്കുന്ന പുതിയ വാദങ്ങൾക്കൊപ്പം അവ ഉല്പാദിപ്പിക്കുന്ന സന്നിഗ്ധതകളിലൂടെ പുനരുദ്ധരിക്കപ്പെടുന്ന പഴയ വാദങ്ങളെയും സ്ഥിരമായി കാണാം. സംവരണത്തിലൂടെ ഉണ്ടാകുമെന്ന് പറയപ്പെടുന്ന നിലവാര തകർച്ച അത്തരം ഒന്നാണ്. എന്നാൽ സംവരണമെന്ന അപകടം സംഭവിച്ചതിനുശേഷവും തുടർന്നുപോരുന്ന നാളിതുവരെയുള്ള ചരിത്രത്തിൽ മേല്പറഞ്ഞ വാദത്തോട് തന്ത്രപരമായ അടുപ്പമൊ സമദൂരമോ പാലിച്ച ഒരു ഭരണകൂടവും പക്ഷേ രാജ്യം പിന്നോട്ട് പോവുകയാണെന്ന് സമ്മതിച്ചിട്ടുമില്ല!

സംവരണവിരുദ്ധ ക്യാമ്പയിനുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു കാർട്ടൂൺ

ആവശ്യം രണ്ട്:  ആനുകൂല്യം എല്ലാവർക്കും കിട്ടണം

സംവരണം കൊണ്ട് നിലവാരമങ്ങ് സമഗ്രമായി നശിച്ച് രാജ്യം പിന്നോക്കാവസ്ഥയിലാകും എന്ന വാദം തെറ്റാണെന്ന് ഏതാണ്ട് സ്ഥാപിക്കപ്പെട്ടതോടെ സംവരണ വിരുദ്ധർ തങ്ങളുടെ വാദത്തെ സംവരണമെന്ന ആശയത്തിനെതിരേ എന്ന നിലവിട്ട് അതിന്റെ മാനദണ്ഢത്തിനെതിരേ ആക്കി. അതായത് സംവരണം ശരി. പക്ഷേ അത് സാമ്പത്തികാടിസ്ഥാനത്തിലാക്കണം. അപ്പോൾ പാവപ്പെട്ടവർക്കെല്ലാം നീതി ലഭിക്കുമല്ലോ എന്നായി. അപ്പോൾ ആദ്യം പറഞ്ഞ നിലവാരമോ? രാജ്യ പുരോഗതിയെ കുറിച്ചുള്ള ആശങ്കകളോ? യോഗ്യതയല്ലാതെ മറ്റെന്തെങ്കിലും മാനദണ്ഢമാക്കിയാൽ, അതിപ്പോൾ ദാരിദ്ര്യമായാലും നിലവാരം തകരില്ലേ? രാജ്യപുരോഗതി അപകടത്തിൽ പെടില്ലേ? അത് ചോദിക്കാൻ പാടില്ല.

ശരി, ഇനി അടുത്ത വാദം: സംവരണത്തെ, അതിന്റെ ജാതി എന്ന മാനദണ്ഢത്തെ ഉൾപ്പെടെ അംഗീകരിക്കുന്നു. അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ. എന്നാൽ ജാതി മാത്രമാണൊ പിന്നോക്കാവസ്ഥയുടെ കാരണം? ഇന്ന് പിന്നോക്ക ജാതികളായി എണ്ണപ്പെടുന്നവയിൽ, ദളിതരിൽ തന്നെയും സമ്പന്നരില്ലേ? തീർച്ചയ്യയും ഉണ്ട്. മുന്നോക്കവിഭാഗങ്ങളിലില്ലേ എന്ന് തിരിച്ച് ചോദിക്കേണ്ട കാര്യമില്ലല്ലൊ.

പ്രശ്നം സമ്പന്ന വ്യക്തികൾ ഉണ്ടോ ഇല്ലയോ എന്നതല്ല, ഒരു സമുദായം എന്ന നിലയിൽ അവർ അനുഭവിച്ച പിന്നോക്കവസ്ഥ വ്യക്തിപരമായി മറികടക്കാവുന്ന ഒരു സാമൂഹ്യ സാഹചര്യം ഉണ്ടായിക്കഴിഞ്ഞോ എന്നതാണ് ചോദ്യം. അങ്ങനെയെങ്കിൽ മൽസരം നീതിയുക്തവും യോഗ്യത അന്തിമവുമായി നമുക്ക് കല്പിക്കാമായിരുന്നു. ഈ കഴിഞ്ഞ വർഷം നടന്ന രോഹിത് വെമുലയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ’ തൊട്ട് ജിഷയുടെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ കിടന്നുള്ള മരണം വരെയുള്ള സംഭവങ്ങളെടുക്കുക. ഒപ്പം അഖിലേന്ത്യാതലത്തിൽ നിത്യേനെയെന്നോണം വരുന്ന ദളിത് പീഢനങ്ങളുടെയും കൂട്ടക്കൊലകളുടെയും വാർത്തകളും. വ്യക്തി എന്ന നിലയിലല്ല അവർ വേട്ടയാടപ്പെടുന്നത്, ദരിദ്രർ എന്ന നിലയിലുമല്ല, സമുദായമായിട്ടാണ്. ഇനി, ദളിത് സമുദായത്തിൽ പെട്ട, ഈ പറയുന്ന സംവരണം ഉൾപ്പെടെയുള്ള സാധ്യതകൾ ഉപയോഗിച്ച് വ്യക്തിപരമായി ഒരു മുന്നോട്ടുപോക്ക് സാധിച്ചെടുത്ത മനുഷ്യരോട് വർത്തമാന സാഹചര്യങ്ങൾ പറയുന്നതെന്താണ്? മുതലാളിത്തം സാദ്ധ്യമാക്കിയ മദ്ധ്യവർഗ്ഗ നഗരികതിയിലേയ്ക്ക്, അതിന്റെ തിരക്കുകളിലേയ്ക്ക് മുഖവും സ്വത്വവും ഒളിപ്പിച്ച് വേണമെങ്കിൽ രക്ഷപെട്ടുകൊള്ളുക! ഇല്ലായെങ്കിൽ നിങ്ങളും വേട്ടയാടപ്പെടും എന്ന് തന്നെയല്ലേ? യാഥാർത്ഥ്യം ഇതായിരിക്കേ പാവപ്പെട്ടവരെല്ലാം ഒന്നാണെന്നും അവർക്ക് എല്ലാവർക്കും സംവരണാനുകൂല്യത്തിന് അവകാശമുണ്ടെന്നും പറയുന്നത് എവിടത്തെ ന്യായം?

 

സവർണ്ണരിലും ദരിദ്രരുണ്ടായിരിക്കാം. പക്ഷേ അവർ ജീവിക്കുന്നത് ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തിലല്ല. അതുകൊണ്ട് തന്നെ അവരുടെ ദാരിദ്ര്യത്തിന് സംവരണമെന്ന സവിശേഷ പരിഹാരമല്ല വേണ്ടത് മറിച്ച് പൊതുവായ ക്ഷേമ പദ്ധതികളാണ്.

ആധാരം മൂന്ന്; ജാതി സംവരണം തന്നെയെങ്കിൽ മുന്നോക്കത്തിലെ പിന്നോക്കത്തിനും വേണം

മുകളിൽ പറഞ്ഞ രണ്ട് ആവശ്യങ്ങൾക്ക് പിന്നിലും സ്ഥാപിത താല്പര്യങ്ങളല്ലാതെ വസ്തുതാപരമോ, നൈതീകമൊ ആയ ഒരു ഉള്ളടക്കവും ഉണ്ടെന്ന് സ്ഥാപിക്കനാകാതെവന്നപ്പോൾ ഇറങ്ങിയ അടുത്ത വാദമാണ് എങ്കിൽ പിന്നെ സംവരണം നിക്കട്ടെ, അത് ജാതി അടിസ്ഥാനത്തിലും ആയിക്കോട്ടെ, ഒരു കണക്കും, അനുപാതവും മാറ്റണ്ട, പക്ഷേ ഒപ്പം മുന്നോക്ക സമുദായത്തിൽ പെട്ട പാവപ്പെട്ട മനുഷ്യർക്ക് കൂടി ‘ഒരിത്തിരി’ സംവരണം എന്നത്. അംബേദ്കർ സംവരണം എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ മുഖ്യ വിമർശനം യോഗ്യതയായിരുന്നെങ്കിൽ പിന്നെ അത് മാനദണ്ഢമായി. അതും കഴിഞ്ഞ് വന്ന ഈ വാദം അവരുടെ തന്നെ ആദ്യ രണ്ട് വാദങ്ങളെ ഖണ്ഢിക്കുന്നതാണ്. അതായത് സംവരണം യോഗ്യതയെ അസാധുവാക്കുകയും അതിലൂടെ നിലവാരത്തെ അട്ടിമറിക്കുകയും ചെയ്യുമെങ്കിൽ ഏത് തരം സംവരണത്തിലും ആ അപകടമുണ്ട് എന്നത് ഒന്ന്. രണ്ട്, സാമ്പത്തിക സംവരണവാദം മനുഷ്യന്റെ പിന്നോക്കാവസ്ഥയുടെ പ്രമുഖ കാരണമായി സാമ്പത്തിക പിന്നോക്കാവസ്ഥയെ നിജപ്പെടുത്തുന്നു. അതായത് ജാതീയവും, വർഗ്ഗീയവും, വംശീയവും, മതപരവും ലിംഗപരവുമൊക്കെയായ നിരവധി പിന്നോക്കാവസ്ഥകൾ ഉണ്ട് എങ്കിലും അവയൊക്കെ സാമ്പത്തിക തുല്യതയിലൂടെ സ്വയം ഇല്ലാതായിക്കൊള്ളും എന്ന്. അതിനായി നടപ്പിലാക്കപ്പെടുന്ന പല പരിപാടികളിൽ ഒന്ന് എന്ന നിലയ്ക്കാണ് ഇന്ന് സംവരണവിരുദ്ധരിൽ പലരും പിന്നോക്കാവസ്ഥയെ സമീപിക്കുന്നത് തന്നെ. എല്ലാ വിഭാഗങ്ങളിലും ദരിദ്രരുണ്ട്. അവർക്കിടയിൽ ഉച്ചനീചത്വങ്ങൾ പാടില്ല എന്ന നിലയ്ക്ക്. ഇതെല്ലാം കേന്ദ്രീകരികരിക്കുന്നത് മുന്നോക്ക വിഭാഗങ്ങളിലുള്ള പിന്നോക്കാവസ്ഥയിലാണെന്ന് ഓർക്കണം. അതിനെന്തെങ്കിലും ഡേറ്റയുണ്ടോ?


നിയുക്ത മുന്നോക്ക വികസന ചെയർമാൻ ബാലകൃഷ്ണപിള്ള ഖേദപൂർവ്വം ഓർമ്മിക്കുന്നതുപോലെ പണ്ട് ജന്മികളായിരുന്നവർ, ബ്രാഹ്മണർ, അവരാണിന്ന് ഏറ്റവും ദയനീയ അവസ്ഥയിൽ എന്നതാണ് മിക്കവാറും ഡേറ്റയും. സംഗതി ശരിയാണ്. നാടക സിദ്ധാന്തം എന്ന നിലയിലാണെങ്കിലും അരിസ്റ്റോട്ടിൽ പണ്ടെ പറഞ്ഞിട്ടുണ്ട് വീഴ്ചയുടെ ഉയരത്തിനാനുപാതികമായാണ് ദുരന്തത്തിന്റെ ആഴമെന്ന്. അതായത് കണ്ട പിച്ചക്കാരൻ സൈക്കിളിടിച്ച് മരിച്ചാൽ അതിൽ ദുരന്തമില്ല, നാടകമില്ല നാടകാന്തം കവിത്വവുമില്ല. അത് തന്നെയാണ് കാര്യം. ഒന്നുരണ്ട് തലമുറയായി ഒരുതുണ്ട് ഭൂമിയോ, വീടോ ഇല്ലാതെ വഴിവക്കിൽ ജീവിക്കുന്ന എത്ര ബ്രാഹ്മണരെ അറിയാം എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. അവരുടെ പിന്നോക്കാവസ്ഥ കണ്ട ദളിതന്റെയും ആദിവാസിയുടെയും പിന്നോക്കാവസ്ഥയുമായി തട്ടിച്ച് അളക്കേണ്ട ഒന്നല്ല. ഒരുകാലത്ത് ജന്മിമാരായിരുന്ന ആൾക്കാരാണ് ഇപ്പോ ആർക്കും ഒരു വിലയുമില്ലാതെ വെറും സാധാരണക്കാരായി…എന്തൊരു ദുരന്തമാണത്.


അപ്പോൾ വ്യക്തികളെ പട്ടിണിക്കിട്ടുകൊടുക്കണോ?

ഒന്നാം, രണ്ടാം, മൂന്നാം, നാലാം എന്നൊക്കെ എണ്ണപ്പെടുന്ന ലോകങ്ങളിൽ പോലും പട്ടിണിയും ദാരിദ്ര്യവും ആനുപാതികമായെങ്കിലും പണ്ടും, ഇന്നും നിലനിൽക്കുന്നുണ്ട്. അതിനെ പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഭരണകൂടങ്ങളുടെ കടമയും വെല്ലുവിളിയുമായി കരുതപ്പെട്ടുപോരുന്ന ഒന്നാണ്. എന്നാൽ അതിനായി ഇന്ത്യയിൽ നിലവിലുള്ളതരം സവിശേഷ സ്വഭാവമുള്ള ഒരു ‘സംവരണം’ വേറെ എത്ര രാജ്യങ്ങളിൽ കാണാനാകും?

ബീഹാറിലെ ഒരു ദരിദ്ര ബ്രാഹ്മണ ഭവനം | ഫോട്ടോ: ഇന്ത്യൻ എക്സ്പ്രസ്സ്

ഇതിൽനിന്ന് തന്നെ സംവരണം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ഉപാധിയല്ലെന്ന് വ്യക്തം.വ്യക്തികളുടെ പട്ടിണിയും ദാരിദ്ര്യവും പൊതു സ്വഭാവമുള്ളവയായതിനാൽ അതിന്റെ പരിഹാരത്തിന് പൊതുവായ ക്ഷേമ പദ്ധതികളാണ് വേണ്ടത്. എന്നാൽ അതിലൂടെയും പരിഹരിക്കപ്പെടാത്തവണ്ണം സവിശേഷമായ ഒരു പ്രശ്നമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ നിർമ്മിതിയായ സാമൂഹ്യ പിന്നോക്കാവസ്ഥ. ഇത് അങ്ങനെ സവിശേഷമായ ഒന്നല്ല, വ്യക്തിപരവും സാന്ദർഭികവുമായ പിന്നോക്കാവസ്ഥകളുടെ ഒരു യാദൃശ്ചിക സംഗമമാണ്. അതായത് കേരളീയ സാഹചര്യത്തിൽ സാംബവ സമുദായത്തിൽ പെട്ട മനുഷ്യർ അനുഭവിക്കുന്ന പിന്നോക്കാവസ്ഥ കുറേ സാംബവ വ്യക്തികൾ വ്യത്യസ്ത കാരണങ്ങളാൽ ദരിദ്രരായി, അങ്ങനെ അവരുടെ സമുദായവും പിന്നോക്കാവസ്ഥയിലായി എന്ന തരം നിരീക്ഷണമാണ്.

ഏതാനും പതിറ്റാണ്ട് മുമ്പ് കേരളത്തിൽ ഇതിന്റെ വ്യാപക പ്രചരണം നടത്തിയത് എൻ എസ് എസ് ആണ്. എന്നാൽ അവർ പോലും ഈ നിലയിൽ തങ്ങൾക്ക് സാംസ്കാരിക സംവാദ മണ്ഢലത്തിൽ പിടിച്ചുനിൽക്കാനാവില്ല എന്ന് കണ്ട് ഭാഗികമായെങ്കിലും ഇന്ന് നിശബ്ദമാണ്. ഇന്ന് ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ട എന്ന ആവശ്യത്തിൽ നിന്ന് അവർ പിന്നോട്ട് പോകാൻ നിർബന്ധിതരായി. പകരം മുന്നോക്ക വിഭാഗത്തിലെ പിന്നോക്കത്തിന് സംവരണം എന്ന നീക്കുപോക്ക് ആവശ്യത്തിൽ എത്തി നിൽക്കുകയാണ്.

അത്തരം ഒരു സാഹചര്യത്തിലാണ്, അതായത് സവർണ്ണ ഹിന്ദുത്വം കേരളത്തിലെങ്കിലും പ്രത്യക്ഷമായ സംവരണ വിരുദ്ധതയുടെ പരിപ്പ് വേവില്ല എന്ന് തിരിച്ചറിഞ്ഞ് അതിനോട് നീക്കുപോക്ക് സമവാക്യങ്ങൾ തേടുന്ന കാലത്താണ് ഇവിടത്തെ പ്രമുഖ ഇടത് രാഷ്ട്രീയ ശക്തികൾ അതിനൊരു സാധൂകരണ യുക്തിയുമായി മുമ്പോട്ട് വരുന്നത്. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കർക്കും സംവരണം നൽകണമെന്നത് വർഗ്ഗ സിദ്ധാന്തപ്രകാരം ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തിക, പ്രത്യയശാസ്ത്ര ബാദ്ധ്യതയാണെന്നുവരെയൊക്കെയാണ് വാദം. ഇതിനോടകം തന്നെ വലിപ്പം വല്ലാതെ കൂടി എന്നതിനാലും എന്നാൽ ഈ വിഷയം വിശദമായ ചർച്ച ആവശ്യപ്പെടുന്നതിനാലും അത് അടുത്ത ഭാഗത്തിൽ തുടരാം.

 

(സലാലയിൽ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്യുകയാണു ലേഖകൻ)