ബണ്ടി ചോറിന് 10 വര്‍ഷം തടവും 10,000 രൂപ പിഴയും

single-img
22 May 2017

തിരുവനന്തപുരം : ഏറെ വിവാദം സൃഷ്‌ടിച്ച ഹൈടെക് മോഷണക്കേസില്‍ പിടിയിലകപ്പെട്ട പ്രതി ബണ്ടി ചോര്‍ എന്ന ദേവിന്ദര്‍ സിങിന് പത്തു വര്‍ഷം തടവും 10,000 രൂപ പിഴയും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ചു. ദേവീന്ദര്‍ സിങ് സ്ഥിരം കുറ്റവാളിയെന്നു കോടതി കണ്ടെത്തിയിതിനെ തുടര്‍ന്നായിരുന്നു വിധി .

മുട്ടടയിലെ വേണുഗോപാല്‍ നായരുടെ വീട്ടില്‍ നിന്നും 29 ലക്ഷം രൂപ വിലമതിക്കുന്ന കാറും മൊബൈല്‍ ഫോണും ഉള്‍പ്പെടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ബണ്ടി ചോര്‍ കുറ്റക്കാരനെന്നു കോടതി ഏപ്രില്‍ 12 ന് കണ്ടെത്തിയിരുന്നു. ഭവന ഭേദനം, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ബണ്ടി ചോറിനെതിരെ ചുമത്തിയിരുന്നത്.

രാജ്യത്തൊട്ടാകെ മുന്നൂറിലേറെ കേസുകളില്‍ പ്രതിയായിരുന്ന ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. കേസില്‍ ബണ്ടി ചോര്‍ മാത്രമായിരുന്നു പ്രതി. ഇയാള്‍ സ്ഥിരം കുറ്റവാളിയെന്നും മോഷണ മുതലുകള്‍ കൈകാര്യം ചെയ്യുന്നയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.

സമാന കേസുകളില്‍ ബണ്ടി ചോറിനെതിരായ ശിക്ഷാ വിധിയുടെ പകര്‍പ്പും കേസുകളുടെ വിശദാംശവും കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട പ്രതിയുള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടെ സാന്നിധ്യത്തില്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കൂടാതെ വിരലടയാള വിദഗ്ധരടക്കം 39 സാക്ഷികളെയും കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. മോഷണ മുതലുകള്‍ മുമ്പ് തന്നെ പ്രതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.