ചോറ് ഇങ്ങും കൂറ് അങ്ങും! പൊതുവിദ്യാഭ്യാസ രംഗത്തിരുന്നു കൊണ്ട് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, പെന്‍ഷന്‍ പറ്റാറായ ഇവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ അണിയറയില്‍ നീക്കം

single-img
21 May 2017

ഡോ.മോഹന്‍കുമാർ

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നത സ്ഥാനത്തിരിക്കുകയും ഇതോടൊപ്പം തന്നെ മറ്റ് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കുറ്റകരമെന്നിരിക്കെ ഇത്തരത്തില്‍ ഒരു അണ്‍ എയിഡഡ് സ്‌കൂളായ നെയ്യാറ്റിൻകരയിലെ വിശ്വഭാരതി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നത് ജില്ലയിലെ സർവ്വശിക്ഷാ അഭിയാന്റെ പ്രോജക്ട് ഓഫീസറാണെന്നുള്ളത് ആശ്ചര്യപ്പെടുത്തുകയാണ്. ആലപ്പുഴ ഡയറ്റിലെ ഫാക്കല്‍റ്റിയും തിരുവനന്തപുരം ജില്ലയിലെ സർവ്വശിക്ഷാ അഭിയാന്‍ പ്രോജക്ട് ഓഫീസറുമായ ഡോ.മോഹന്‍കുമാറാണ് ഇത്തരത്തില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുന്നത്.

മോഹന്‍കുമാര്‍ വിശ്വഭാരതി സ്‌കൂളിന്റെ കോര്‍ കമ്മറ്റിയംഗമായിരുന്നുവെന്നും സ്‌കൂള്‍ പുറത്തിറക്കിയ മാഗസീനില്‍ ഇവിടുത്തെ മാനേജ്‌മെന്റ് കമ്മറ്റി അംഗമായി ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നുമടങ്ങിയ തെളിവുകള്‍ ഇ-വാര്‍ത്തക്ക് ലഭിച്ചിരുന്നു. കൂടാതെ സ്‌കൂള്‍ വെബ്‌സൈറ്റിലും ഇദ്ദേഹത്തിന്റെ പേര് മാനേജ്‌മെന്റ് കമ്മറ്റിയംഗമായി ഇപ്പോഴും നിലവിലുണ്ട്.

സര്‍ക്കാരിന്റെ നയം പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണമെന്നിരിക്കെ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തുള്ളവര്‍ തന്നെ ഇത്തരത്തില്‍ പൊതു വിദ്യാലയങ്ങളുടെ നാശത്തിനിറങ്ങി തിരിച്ചിരിക്കുന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളായ വിശ്വഭാരതി പബ്ലിക് സ്‌കൂളിന്റെ എല്ലാ പരിപാടികളിലും മോഹന്‍കുമാർ പങ്കെടുക്കാറുണ്ടെന്ന് മാത്രമല്ല തങ്ങളുടെ രണ്ടു മക്കളേയും പഠിപ്പിച്ചതും ഇതേ സ്‌കൂളിലാണെന്നതാണ് വസ്തുത. കൂടാതെ സമീപത്തെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ നിന്നും നിരവധിപേരെ ടി സി വാങ്ങി ഇദ്ദേഹം ഇവിടേയ്ക്ക് മാറ്റിയതായും പരക്കെ ആക്ഷേപമുണ്ട്.

ഇതിനിടെയാണ് ഈ മാസം 31-ന് പെന്‍ഷനാകുന്ന മോഹന്‍കുമാറിന് തല്‍സ്ഥാനത്ത് തുടരാനുള്ള അനുമതി നേടിയെടുക്കാൻ പിന്നാമ്പുറങ്ങളിൽ ചരട് വലി നടക്കുന്നതായും അറിയുന്നത്. ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്നായി നിരവധി പരാതിയാണ് ഇതിനോടകമുയര്‍ന്നു വന്നിരിക്കുന്നത്.

ഇതിനു പുറമേ സംസ്ഥാന പ്രോജക്ട് ഡയറക്ടറായി ജോലി നോക്കുന്ന ഡോ.കുട്ടികൃഷ്ണനും ഇതേ ദിവസം തന്നെ പെന്‍ഷനാകാൻ ഇരിക്കെ, ഇദ്ദേഹത്തിന് വേണ്ടിയും തുടർ നിയമനം നല്‍കാന്‍ നീക്കം നടക്കുന്നതായാണ് സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരം.

പൊതുവിദ്യഭ്യാസത്തെ സംബന്ധിച്ച സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കല്‍, പരിശീലനം നല്‍കല്‍, ആസൂത്രണം നടത്തല്‍, മേല്‍നോട്ടം നല്‍കല്‍ എന്നിവ ഉള്‍പ്പെട്ട എസ് എസ് എ പ്രവര്‍ത്തനങ്ങളലില്‍ ഇദ്ദേഹം തീര്‍ത്തും പരാജിതനായിരുന്നുവെന്നാണ് പൊതുവെ രൂപപ്പെട്ട അഭിപ്രായം. ഇദ്ദേഹത്തിന്റെ മക്കളേയും പഠിപ്പിച്ചത് അണ്‍ എയ്ഡഡ് സ്‌കൂളിലായിരുന്നുവെന്നതാണ് മറ്റൊരു സത്യം. മറ്റു എസ് പി ഡി മാരെ അപേക്ഷിച്ച് കോളേജ് അധ്യാപകന്‍ കൂടിയായ ഡോ.കുട്ടികൃഷണന്‍ വേണ്ടുന്ന മികവ് പുലർത്താത്തയാളാണെന്നും  പരക്കെ അഭിപ്രായമുണ്ട്.

സാധാരണഗതിയില്‍ ഇതിനു മുമ്പ് പെന്‍ഷനായിട്ടുള്ള എസ് പി ഡി മാരെ കണ്‍സള്‍ട്ടന്റ്മാരായാണ് നിയമിച്ചിട്ടുള്ളത് എന്നാല്‍ ഇദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഭരണാനുകൂല അധ്യാപക സംഘടനയായ കെ എസ് ടി എ പോലും ഇവരുടെ നിയമനം നീട്ടുന്നതില്‍ എതിരു പ്രകടിപ്പിക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസം സംരക്ഷിച്ചു പൊതു വിദ്യാലയങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കേണ്ട സ്ഥാനത്ത് അണ്‍ എയ്ഡഡ് സ്‌കൂളിന്റെ വക്താക്കളായ ഇവരെ വിദ്യാഭ്യാസ തലപ്പത്ത് തുടരാന്‍ അനുവധിക്കുന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്.

അതേസമയം വാര്‍ത്തയുടെ നേരറിയാനായി സര്‍വ്വശിക്ഷാ അഭിയാന്‍ മോഹന്‍കുമാറിനെ ഇ-വാര്‍ത്ത ബന്ധപ്പെട്ടപ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ചു ഒഴിവു കഴിവുകള്‍ പറഞ്ഞ് പിന്‍മാറാനാണ് അദ്ദേഹം ശ്രമിച്ചത്. ആരോപണങ്ങള്‍ കള്ളമാണെന്നും താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിന്റെ തന്നെ പരിസരത്തുള്ള വിശ്വഭാരതി ട്യൂട്ടോറിയലില്‍ പഠിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല സ്‌കൂള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും താന്‍ കോര്‍ കമ്മറ്റിയംഗമല്ലെന്നും അദ്ദേഹം ഇ-വാര്‍ത്തയോട് പറഞ്ഞു. മാത്രമല്ല സ്‌കൂള്‍ മാഗസീനില്‍ താങ്കളുടെ പേര് കമ്മറ്റി അംഗമായി പ്രസിദ്ദീകരിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത്തരത്തില്‍ വിദ്യഭ്യാസ രംഗത്തുള്ളവരുടെ പേര് എഴുതി വരാറുണ്ടെന്നും പ്രതികരിച്ചു. കൂടാതെ സ്‌കൂള്‍ ക്രിസ്മസ് ആഘോഷത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.