‘ലിംഗം മുറിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു’; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍

single-img
21 May 2017

തിരുവനന്തപുരം: ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എംപി . നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തരൂര്‍ പറഞ്ഞു.

‘എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോ?’- തരൂര്‍ ചോദിക്കുന്നു.

വെള്ളിയാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം പേട്ടയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് ലോകമാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത കൃത്യമായാണ് പൊലീസും സംഭവത്തെ വിലയിരുത്തിയത്. ഇതിനിടയാണ് തരൂരിന്റെ പ്രതികരണം.