പൊതുസ്ഥലത്തു മദ്യപിച്ചാലും അളവിൽ കൂടുതൽ മദ്യം കൈവശം വച്ചാലും കേസെടുക്കേണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കമ്മിഷണറുടെ നിർദേശം

single-img
21 May 2017

കൊച്ചി: പൊതുസ്ഥലത്തു മദ്യപിച്ചാലും അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചാലും കേസെടുക്കേണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണറുടെ നിര്‍ദേശം. പെറ്റിക്കേസുകളുടെ പിന്നാലെ പോകാതെ വലിയ കേസുകള്‍ പിടിച്ചാല്‍ മതിയെന്നാണു ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് അയച്ച വാട്‌സാപ് സന്ദേശത്തിലെ ആവശ്യം.

എല്ലാ ദിവസവും പെറ്റിക്കേസ് ഒഴികെ വലിയ ഒരു കേസെങ്കിലും എല്ലാ റേഞ്ച് ഓഫിസിലും റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അബ്കാരി നിയമത്തിലെ 15 (സി) വകുപ്പില്‍ ഉള്‍പ്പെടുന്നതാണ് പൊതുസ്ഥലത്തെ മദ്യപാനം. അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് 13ാം വകുപ്പിലുള്ളതും. രണ്ടിനും 5,000 രൂപ പിഴയാണു ശിക്ഷ.

അതേസമയം, അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് അനധികൃത വില്‍പനയ്ക്കാണെന്നു ബോധ്യപ്പെട്ടാല്‍ 55 (ഐ) വകുപ്പുപ്രകാരം ജാമ്യമില്ലാത്ത കേസാകും. വിദേശമദ്യം മൂന്നു ലീറ്റര്‍, ബീയര്‍ ഒരു കെയ്‌സ്, കള്ള് 1.5 ലീറ്റര്‍ എന്നിങ്ങനെയാണ് ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി.

എക്‌സൈസ് ഉദ്യോഗസ്ഥരും അംഗങ്ങളായ ജനജാഗ്രതാ സമിതികളില്‍ പൊതുസ്ഥലത്തെ മദ്യപാന ശല്യത്തെക്കുറിച്ച് സ്ഥിരമായി പരാതികളുണ്ട്. ഇതിനാലാണ് ഇത്തരം കേസുകള്‍ കണ്ടെത്തി റജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ മദ്യക്കടകളില്ലാത്ത സ്ഥലങ്ങളില്‍ ദൂരെനിന്ന് അളവില്‍ കൂടുതല്‍ മദ്യംവാങ്ങി ശേഖരിച്ച് വില്‍പന നടത്തുന്നതു കൂടുന്നുമുണ്ട്.

എന്നാല്‍, ഇത്തരം പെറ്റിക്കേസുകളെടുത്ത് എണ്ണം പെരുപ്പിച്ചു കാട്ടുകയാണ് ഉദ്യോഗസ്ഥരെന്നും വലിയ കേസുകള്‍ പിടികൂടുന്നില്ലെന്നുമാണു കമ്മിഷണറുടെ പക്ഷം. നിര്‍ദേശം വന്നതിനുശേഷം പെറ്റിക്കേസുകളെടുത്തവരോടു വിശദീകരണം ചോദിച്ചതായാണു വിവരം.