യു എസ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായ ഇന്ത്യാക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

single-img
19 May 2017

അവശ്യരേഖകളില്ലാതെ അമേരിക്കയിലെത്തി ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായ ഇന്ത്യൻ പൌരൻ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. ഹൃദയസംബന്ധമായ തകരാറിനെ തുടർന്നു അറ്റ്ലാന്റയിലെ ആശുപത്രിയിലാണു അതുൽ കുമാർ ബാബുഭായ് പട്ടേൽ എന്ന 58 വയസ്സുകാരന്റെ മരണം. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് കഴിഞ്ഞയാഴ്ച ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഇക്വഡോറിൽ നിന്നും ഈ മാസം 10-ആം തീയതി അറ്റ്ലാന്റ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ ആവശ്യമായ രേഖകൾ കൈവശം ഇല്ലാത്തതിനാൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ അറസ്റ്റ് ചെയ്ത് ഐസിഇക്കു കൈമാറുകയായിരുന്നു.

അറ്റ്ലാന്റ സിറ്റി ഡിറ്റെൻഷൻ സെന്ററിൽ പ്രാഥമിക മെഡിക്കൽ പരിശോധനകൾ നടത്തിയപ്പോൾ ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിന്റെ ആരോഗ്യത്തിനെ കലശലായി ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയിരുന്നു. രണ്ടു ദിവസങ്ങൾക്കുശേഷം ശ്വാസ തടസ്സത്തെത്തുടർന്ന് വീണ്ടും ആശുപത്രിയിലേക്കു മാറ്റിയതിനുശേഷമാണു മരണം സംഭവിച്ചത്.

ഐസിഇയുടെ കസ്റ്റഡിയിൽ കഴിയവെ ഈ വർഷം മരിക്കുന്ന എട്ടാമത്തെയാളാണ് പട്ടേൽ.