ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ‘പാര്‍ട്ടി പത്രം’ ഒഴികെയുള്ള എല്ലാ പത്രങ്ങള്‍ക്കും വിലക്ക്; ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവ്

single-img
19 May 2017

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുള്ള എല്ലാ പത്രങ്ങള്‍ക്കും വിലക്ക്. സി.പി.ഐ.എം മുഖപത്രം ഒഴികെയുള്ള എല്ലാ പത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററാണ് ഉത്തരവ് ഇറക്കിയത്. മെയ് ഒന്നു മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. കോഫിഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നും ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ഇനി ദേശാഭിമാനി മതിയെന്നാണ് നിര്‍ദ്ദേശം. അതേസമയം ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

ലോബിയില്‍ വായിക്കാന്‍ ഇടുന്നതിനു പുറമേ ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇതും നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോഫി ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ.

അതിനിടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജെടുത്ത ശേഷം നൂറോളം പേരെ സ്ഥലം മാറ്റിയ നടപടിയും വിവാദമായിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിട്ട നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രശ്‌നത്തെ തുടര്‍ന്ന് ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ അത് നല്‍കാന്‍ മാത്രമാണ് ഹൈക്കോടതി അഡിമിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയത്. സ്ഥലം മാറ്റാനും മറ്റു നടപടികള്‍ക്കും അനുമതിയില്ലെന്നും ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു.