സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം; പന്ത്രണ്ടില്‍ എട്ടിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം സ്വന്തമാക്കി

single-img
18 May 2017

തിരുവനന്തപുരം: സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. പന്ത്രണ്ടില്‍ എട്ടിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം സ്വന്തമാക്കി. രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ മൂന്ന് വാര്‍ഡുകള്‍ കൂടി എല്‍.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല.

കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായത്തിലെ മട്ടിണി വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യു.ഡി.എഫ് വിജയിച്ച ഇവിടെ 268 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐ.എമ്മിലെ എ കെ സുരേഷ് കുമാര്‍ വിജയിച്ചത്. കഴിഞ്ഞതവണ 167 വോട്ടുണ്ടായിരുന്ന ബി.ജെ.പിയ്ക്ക് ഇക്കുറി 64 വോട്ട് മാത്രമാണ് നേടാനായത്. കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു.

ഇരുമുന്നണികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാട് വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ കെ എം അഫ്‌സല്‍ 82 വോട്ടിന് വിജയിച്ചു. പന്തലായനി ബ്‌ളോക്ക് പഞ്ചായത്ത് വെങ്ങളം വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ പി ടി നാരായണി 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡിലും മുസ്ലിംലീഗ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ചിയാനൂരിലും കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചെങ്ങാനിയിലുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് ഐയിലെ ആമിനാബീവിയാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ അഞ്ഞൂറിലേറെ വോട്ട് കിട്ടിയ യു.ഡി.എഫിന് ഇക്കുറി 367 വോട്ടേയുള്ളൂ. ബിജെപിയ്ക്ക് ആകെ കിട്ടിയത് 27 വോട്ടാണ്.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ഥികള്‍ ജയിച്ചു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി കണ്ടങ്കാളി നോര്‍ത്ത് വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ പ്രസീദ 365 വോട്ടിനും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉരുവച്ചാല്‍ സി.പി.ഐ.എമ്മിലെ എ കെ സുരേഷ്‌കുമാര്‍ 124 വോട്ടിനുമാണ് വിജയിച്ചത്. ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.ഐ.എമ്മിലെ സീതമ്മയാണ് 34 വോട്ടിന് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ച വാര്‍ഡാണിത്. ഇവിടെ സ്വതന്ത്രയ്ക്ക് പിന്നില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്.