മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായി സംഘടന വരുന്നു; മഞ്ജുവാര്യര്‍ ബീനാപോല്‍ റിമാ കല്ലിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും

single-img
18 May 2017

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ക്കായി പുതിയ വനിതാ സംഘടന വരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ചലചിത്ര മേഖലയില്‍ ഒരു വനിതാ സംഘടനക്ക് രൂപം കൊടുക്കുന്നത്. വുമണ്‍ കളക്ടീവ് എന്നാണ് സംഘടനക്ക് പേര് നിര്‍ദേശിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ , ബീനാപോള്‍ , പാര്‍വതി, , വിധു വിന്‍സെന്റ് , റിമാകല്ലിങ്കല്‍ , സജിതാ മഠത്തില്‍ എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. സിനിമയുമായി ബന്ധപ്പെട്ടു പോരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യാനുമാണ് സംഘടന നിലവില്‍ വരുന്നത്.

ചലച്ചിത്ര മേഖലയില്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കും സംഘടനയുടെ ഭാഗമാകാം. ഇതുമായി ബന്ധപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകരിലൊരാളായ ബീനാപോളുമായി ബന്ധപ്പെട്ടപ്പോള്‍ ഈ വാര്‍ത്തകയോട് പ്രതികരിച്ചതിങ്ങനെ. സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ചും ഇത്തരത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ഉയര്‍ന്നുവരേണ്ട ആവശ്യകതയെ കുറിച്ചും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെസിനിമയില്‍ തൊഴില്‍ രംഗത്ത് വനിതകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളും നിയമപരമായ പ്രശ്‌നങ്ങളും മുന്‍തൂക്കം നല്‍കാനാകും സംഘടന ശ്രമിക്കുക.

മാത്രമല്ല നിലവില്‍ സംഘടന അമമയോടും ഫെഫ്കയോടും ചേര്‍ന്ന നിന്ന പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും ബീനാപോള്‍ പറഞ്ഞു. സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ ഇന്ന് 4 മണിക്ക് മുഖ്യമന്ത്രിയെ കാണുമെന്നും ബീനാപോള്‍ കൂട്ടിച്ചേര്‍ത്തു.