ഐടി കമ്പനി തൊഴിലാളികളുടെ ട്രേഡ് യൂണിയന് തുടക്കം; തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനും സ്ത്രീകളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും ശ്രമിക്കുമെന്ന് യൂണിയന്‍

single-img
18 May 2017

ചെന്നൈ: രാജ്യത്തെ ആദ്യ ഐടി ട്രേഡ് യൂണിയന് തമിഴ്നാട്ടില്‍ തുടക്കം. അന്യായമായ പിരിച്ചുവിടലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നൂറിലധികം തൊഴിലാളികള്‍ യൂണിയനില്‍ അംഗങ്ങളായി ചേര്‍ന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സ്ത്രീകളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും യൂണിയന്‍ ശ്രമിക്കുമെന്ന് ഐടി കമ്പനി തൊഴിലാളികളുടെ നേതാക്കള്‍ പറഞ്ഞു.

കോഗ്‌നിസന്റ് കമ്പനിയുടെ പിരിച്ചുവിടല്‍ നടപടിക്കെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ജോലി തൃപ്തികരമല്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചുവിടല്‍. തമിഴ്നാട്ടില്‍ 4.5 ലക്ഷം തൊഴിലാളികളാണ് ഐടി മേഖലയിലുള്ളത്. എന്നാല്‍ തൊഴിലുടമകളുടെ അപ്രീതി പിടിച്ചുപറ്റുമോ എന്ന ആശങ്ക കാരണം ഭൂരിപക്ഷം പേരും യൂണിയനില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് സംസ്ഥാനത്തെ 13 കേന്ദ്രങ്ങളിലായി 60,000 ജീവനക്കാരാണുള്ളത്. ചെന്നൈയില്‍ ഇന്‍ഫോസിസിന് 17,000 ജീവനക്കാരുണ്ട്. വിപ്രോയ്ക്ക് 25,000വും. കര്‍ണാടക ഇതുവരെ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ട്രേഡ് യൂണിയന്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബംഗളൂരുവില്‍ ഇടതുപക്ഷാനുകൂലികളായ ഐടി കമ്പനി ജീവനക്കാര്‍ വലിയ പ്രകടനം സംഘടിപ്പിച്ചിരുന്നു.

2015ല്‍ നൂറ് കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട ടിസിഎസിന്റെ നടപടി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് ഐടി മേഖലയില്‍ ട്രേഡ് യൂണിയന്‍ അനുവദിച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഇന്ത്യയില്‍ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് ഐടി സര്‍വീസ് കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

പുറംകരാര്‍ തൊഴില്‍ ഏറ്റെടുത്തിരിക്കുന്ന ബിപിഒകളേയും മറ്റും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എച്ച് വണ്‍ ബി വിസ നയം ബാധിച്ചിട്ടുണ്ട്. 2,60,000 ജീവനക്കാരുണ്ടായിരുന്ന കോഗ്‌നിസന്റ് അഞ്ച് ശതമാനം പേരെ പിരിച്ചുവിട്ടിരിക്കുന്നു. അതേസമയം പിരിച്ചുവിടല്‍ സംബന്ധിച്ച് മാദ്ധ്യമങ്ങള്‍ നല്‍കുന്ന കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്നാണ് സര്‍ക്കാരും ഇന്‍ഫോസിസ് പോലുള്ള കമ്പനികളും പറയുന്നത്.

അതേസമയം മുന്‍വര്‍ഷങ്ങളിലേതിനാക്കാള്‍ ഈ വര്‍ഷം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനാണ് ഐടി കമ്പനികളുടെ തീരുമാനമെന്നാണ് സൂചന. ഉയര്‍ന്ന ശമ്പളവും സ്ഥാനക്കയറ്റങ്ങളും നല്‍കി തൊഴിലാളികളുടെ അസംതൃപ്തികള്‍ പ്രതിഷേധത്തിലേയ്ക്കെത്തുന്നത് തടയുന്ന സമീപനമാണ് മിക്ക ഐടി കമ്പനികളും സ്വീകരിക്കുന്നത്. എന്നാല്‍ യാതൊരു നീതീകരണവുമില്ലാത്ത പിരിച്ചുവിടല്‍ നടപടികള്‍ അനുദിനം തുടരുകയാണ്.