മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്; എയര്‍സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് റിപ്പോർട്ട്

single-img
16 May 2017

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലടക്കം പരിശോധന തുടങ്ങിയത്. 16 ഇടങ്ങളിലാണ് റെയ്ഡ്. എയര്‍സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ചിദംബരത്തെ പ്രതിചേര്‍ക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.
2008ല്‍ മീഡിയ കമ്പനിക്ക് വിദേശനിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്പനി സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എയര്‍സെല്‍- മാകിസ് ഇടപാടിലെ പണംതട്ടിപ്പില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടന്നുവരുന്നതിനാല്‍ നേരത്തെയും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

മുന്‍ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമാണ് പി.ചിദംബരം. ചിദംബരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ആരോപിച്ചു. ചിദംബരത്തെ ലക്ഷ്യം വച്ചാണ് അവരുടെ പ്രവൃത്തികള്‍. മാധ്യമങ്ങളില്‍ ഇടം നേടുകയാണ് ലക്ഷ്യമെന്നും വടക്കന്‍ ആരോപിച്ചു.