ബിനാമി ഭൂമി ഇടപാട്; ലാലുവിന്റെ വസതിയില്‍ ആദായനികുതി റെയ്ഡ്

single-img
16 May 2017

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനു പങ്കുള്ള ബിനാമി ഭൂമി ഇടപാടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലും ഗുഡ്ഗാവിലും 22 സ്ഥലങ്ങളില്‍ ആദയാവകുപ്പ് പരിശോധന നടത്തി. 1000 കോടി രൂപയുടെ ഭൂമി ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആദായ നികുതി വകുപ്പിലെ 100 ഉദ്യോഗസ്ഥരും പോലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.

ഡല്‍ഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ ചില ബിസിനസുകാരുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത് . ആര്‍.ജെ.ഡി എം.പി പി.സി ഗുപ്തയുടെ മകന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഭൂമി ഇടപാടില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളുടേയും ബിസിനസുകാരുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ലാലുവിന്റെ മകള്‍ മിസ ഭാരതി എം.പിയും ബിഹാറിലെ മന്ത്രിമാരായ രണ്ട് ആണ്‍ മക്കളും ഉള്‍പ്പെടുന്ന 1000 കോടിയുടെ ബിനാമി ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ബിജെപി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.