വ്യാജവീഡിയോ പ്രചാരണം: ആവശ്യമെങ്കിൽ കുമ്മനത്തിനെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

single-img
15 May 2017

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആധികാരികതയില്ലാത്ത വ്യാജവീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കേസെടുക്കുന്നകാര്യം പരിഗണനയിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ആർ.എസ്.എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകത്തിന് ശേഷം സിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ കുമ്മനം തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു . സംഭവത്തിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് വീഡിയോ എന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം.

എന്നാൽ പ്രസ്തുത വീഡിയോ വ്യാജമാണെന്നാരോപിച്ച് സി പി എം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഏതോ ഒരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദ്യശ്യമാണ് സംഘപരിവാർ ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിപ്പിച്ചുവരുന്നതെന്നും ഇത്തരം പ്രചരണം നടത്തിയ കുമ്മനം അത് എവിടെ നടന്നുവെന്ന് വ്യക്തമാക്കണമെന്നും സി പി എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനിടെയാണു പ്രസ്തുത വീഡിയോയുടെ പേരിൽ കുമ്മനത്തിനെതിരേ കേസെടുക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.

അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്കു അറുതിവരുത്തുമെന്ന് പിണറായി വിജയൻ പറഞ്ഞു. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിനു കിട്ടിയ മൊഴിയെന്നു പറഞ്ഞ മുഖ്യമന്ത്രി, ‘അഫ്സ്പ’ നടപ്പാക്കണമെന്ന ബിജെപിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും വൃക്തമാക്കി. ഗവർണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. അവരുടേത് ഫാസിസ്റ്റ് നയമാണ്. ജനാധിപത്യ സമൂഹത്തിനു ചേരാത്ത നിലപാടാണിത്. ഭരണഘടനാ ചുമതലയാണ് ഗവർണർ നിറവേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം അടിയനന്തര പ്രമേയത്തിനു നോട്ടീസ് നൽകി. കൊലപാതകത്തിലൂടെ സമാധാന അന്തരീക്ഷം ഇല്ലാതായെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം.