പയ്യന്നൂര്‍ കൊലപാതകം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ;ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന ബിജെപി നിലപാട് ഫാസിസ്റ്റ് രീതി

single-img
15 May 2017

പിണറായി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യസമൂഹത്തിന് ചേരാത്ത നിലപാടാണ് ബിജെപിയുടേതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗവർണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. അവരുടേത് ഫാസിസ്റ്റ് നയമാണ്. ഭരണഘടനാ ചുമതലയാണ് ഗവർണർ നിറവേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് ജില്ലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ജില്ലയിൽ സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടണം. രാഷ്ട്രീയ സംഘർഷങ്ങൾ തടയാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിൽ അഫ്സപ നിയമം നടപ്പാക്കണമെന്ന ബിജെപി നേതൃത്വത്തിന്‍റെ നിലപാടിനോട് സർക്കാരിന് യോജിക്കാൻ കഴിയില്ല. അഫ്സപയോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെ സർക്കാർ ന്യായീകരിക്കുന്നില്ല. കേന്ദ്ര ഭരണം കൈയിലുണ്ടെന്ന് കരുതിയാണ് പട്ടാളത്തെ ഇറക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുന്നത്. പയ്യന്നൂർ സംഭവത്തിലെ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.പദവിയോട് ഗവര്‍ണര്‍ അല്‍പമെങ്കിലും മര്യാദ കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഇടനിലക്കാരാനായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ എന്ന നിലയിലുള്ള ശക്തമായ നടപടികളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഇന്നലെ പ്രതികരിച്ചിരുന്നു.

നിയമസഭയിൽ വിഷയം അടിയന്തരപ്രമേയമായി സഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ അംഗം കെ.സി.ജോസഫ് സർക്കാരിനും സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനമാണ് നടത്തിയത്. ഗവർണർ ബിജെപിയുടെ കൂലിവേലക്കാരനാണോ എന്ന് അദ്ദേഹം ചോദിച്ചു. ഗവർണർക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് ബിജെപി നേതാക്കൾ മാപ്പ് പറയണമെന്നും കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കുറ്റസമ്മതമാണ്. വിഷയത്തിൽ ഗവർണർ ഇടപെട്ടത് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്‍റെ പരോക്ഷമായ തെളിവാണെന്നും കെ.സി.ജോസഫ് പറഞ്ഞു.