വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്; ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍

single-img
14 May 2017

ചെന്നൈ വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ തയ്യാറെടുക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് അധോലോകത്തിന്റെ ഭീഷണി. അധോലോക നായകനായ ഹാജി മസ്താനായി അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ഹാജി മസ്താന്റെ ദത്തു പുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചു.

എന്നാല്‍ സംഭവത്തെക്കുറിച്ച് രജനീകാന്തോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കബാലിക്കു ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന സിനിമയാണിത്.

ഹാജി മസ്താനെ അധോലോക നായകനായി ചിത്രീകരിച്ചാല്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നാണു സൂപ്പര്‍സ്റ്റാറിനു ഭീഷണി. ചിത്രത്തില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു രജനീകാന്തിനു സുന്ദര്‍ശേഖര്‍ വക്കീല്‍ നോട്ടിസ് അയച്ചു.

പിതാവിനെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ചിത്രീകരിക്കാനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു തവണ പോലും ഹാജി മസ്താന്‍ ശിക്ഷിയ്ക്കപ്പെട്ടിട്ടില്ലെന്നും ശേഖര്‍ പറയുന്നു. 1995ല്‍ മരണമടഞ്ഞ ഹാജി മസ്താന്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശിയാണ്. എഴുപതുകളില്‍ മുംബൈയിലേയ്ക്ക് ചേക്കേറിയ ഹാജി മസ്താന്‍ കള്ളക്കടത്തിലൂടെയും റിയല്‍ എസ്റ്റേറ്റിലൂടെയുമാണ് വളര്‍ന്നത്.