അതിർത്തിയിൽ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

single-img
14 May 2017

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രമണവും തുടരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. രാവിലെ 6.45നാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഏഴില്‍ അധികം ഗ്രാമങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. അതേസമയം, ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാക് വെടിവെപ്പും തുടരുന്നതിനാല്‍ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

ഇന്നലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് വെടിവയ്പ്പില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. നാലു സൈനികര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ നടത്തിയ വെടിവയ്പ്പില്‍ 35 ഗ്രാമങ്ങളാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്. ഇതേത്തുടര്‍ന്ന് 193 കുടുംബങ്ങളെ ഷെല്‍ട്ടര്‍ ക്യാംപിലേക്കു മാറ്റിപ്പാര്‍ട്ടിച്ചു. കൂടാതെ, നൗഷേരാ മേഖലയിലെ 51 സ്‌കൂളുകളും മഞ്ചാക്കോട്ട, ഡൂംഗി മേഖലകളിലെ 36 സ്‌കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.

എന്നാല്‍ ഭീകരാക്രമണം തുടരുന്ന ദക്ഷിണ കശ്മീരില്‍ നൂറിലധികം ഭീകരര്‍ നുഴഞ്ഞു കയറിയതായി സൈന്യം സ്ഥിരീകരിച്ചു. പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍, ദോഡ തുടങ്ങിയ ജില്ലകളില്‍ സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. അടുത്തിടെ ഷോപ്പിയാനില്‍ നടത്തിയതിനു സമാനമായി വീടുകള്‍ തോറും കയറിയിറങ്ങിയാണു സൈന്യത്തിന്റെ തിരച്ചില്‍. ഇന്നലെ ദോഡ ജില്ലയില്‍ പിടികൂടിയ ഏഴു ഭീകരരും തദ്ദേശീയരാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ മുന്‍ പൊലീസ് ഓഫിസറും മറ്റൊരാള്‍ മുന്‍ സൈനിക ഉദോഗസ്ഥനുമാണ്. ഇവരെ പൊലീസും എന്‍ഐഎയും സംയുക്തമായി ചോദ്യം ചെയ്തു വരികയാണ്