അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് പാക് വെടിവയ്പ്; രണ്ട് പേര്‍ മരിച്ചു

single-img
13 May 2017

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് ജമ്മുക്കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കഷ്മീരിലെ രജോരി ജില്ലയിലെ നൗഷേര സെക്ടറില്‍ യാതൊരു പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളും 82 എം.എം-120 എം.എം മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് വെടിവെപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തില്‍ ആക്രമണം നടത്തുന്നത്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നതെന്നും ആക്രമണത്തെ തുടര്‍ന്നു രാജോരിയിലെ സ്‌കൂളുകള്‍ അടച്ചുവെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ചെറുഗ്രാമങ്ങളില്‍നിന്നു 1200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുവാന്‍ പദ്ധതിയിടുന്നതായും സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അതേ സമയം വെടിവയ്പ്പ് തുടരുകയാണെന്നും സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.