ബീഫ് വിളമ്പിയെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടപ്പിച്ച ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത മാംസം ബീഫ് അല്ലെന്ന് പരിശോധനാ ഫലം

single-img
13 May 2017

ജയ്പൂര്‍: ബീഫ് വിളമ്പിയെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടപ്പിച്ച ജയ്പൂരിലെ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത മാംസം ബീഫ് അല്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഒരു കൂട്ടം ഗോരക്ഷകരായിരുന്നു നഗരത്തിലെ പ്രധാന ഹോട്ടലായ ഹയാത് റബ്ബാനിയിലേക്ക് ഇരച്ച് കയറുകുയം ഹോട്ടലുടമയെ കയ്യേറ്റം ചെയ്ത ശേഷം ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തത്.

മാര്‍ച്ച് 19നായിരുന്നു ആയിരത്തോളം വരുന്ന ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചത്. രാത്രി തടിച്ചുകൂടിയ ഗോ സംരക്ഷണ സേന ആറ് മണിക്കൂറോളം ഹോട്ടലിന്റെ സമീപത്ത് നിലയുറപ്പിച്ചിരുന്നു. ബീഫ് വിളമ്പി എന്നായിരുന്നു ആരോപണം. എന്നാല്‍ ഹോട്ടലില്‍ തങ്ങള്‍ ബീഫ് വിളമ്പാറില്ലെന്നും ഗോരക്ഷക്കാര്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമുന്നയിച്ച് ഹോട്ടല്‍ പൂട്ടിച്ചതെന്ന് അറിയില്ലെന്നും ഹയാത് റബ്ബാനി ഹോട്ടലുടമ നയീം റബ്ബാനി അന്ന് തന്നെ പ്രതികരിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ പൊലീസ് സഹായത്തോടെ ഹോട്ടല്‍ പൂട്ടിക്കുകയായിരുന്നു സംഘപരിവാറുകാര്‍. തുടര്‍ന്ന് പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പുറത്തുവന്ന പരിശോധനാഫലം തെളിയിക്കുന്നത് സംഘപരിവാറുകാര്‍ ഉയര്‍ത്തിയ ആരോപണമെല്ലാം തെറ്റായിരുന്നുവെന്നാണെന്ന്, ഹോട്ടല്‍ ഉടമ റബാനി പറഞ്ഞു. ഹോട്ടലില്‍ നിന്ന് അയച്ച സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്കാണ് അയച്ചതെന്ന് ഡിസിപി അശോക് ഗുപ്ത ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. ഇറച്ചി ബീഫായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ പൂട്ടിച്ചതിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ക്കായിരുന്നു അന്ന് ജോലി നഷ്ടപ്പെട്ടത്.