പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസംഗത്തില്‍ എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

single-img
13 May 2017

മൂന്നാര്‍: പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. മണിയുടെ പ്രസംഗം പരിശോധിച്ചെന്നും ക്രിമിനല്‍ നടപടി സാധ്യമല്ലെന്ന് നിയമോപദേശം ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന കുറ്റകൃത്യം മണി ചെയ്തിട്ടില്ലെന്നും മൂന്നാര്‍ ഡി.വൈ.എസ്.പി പരാതിക്കാരന്‍ ജോര്‍ജ് വട്ടക്കുളത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

മണിയുടെ പ്രസംഗം പൊലീസ് പരിശോധിച്ചെന്നും ഹൈക്കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കാമെന്നും കത്തില്‍ ഡി.വൈ.എസ്.പി പറയുന്നു. മണിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താന്‍ വീട്ടിലില്ലാത്ത സമയത്ത് പോലീസെത്തി ചില രേഖകളില്‍ ഭാര്യയെയും മകനെയും കൊണ്ട് ഒപ്പിടീക്കാന്‍ ശ്രമിച്ചതായി ജോര്‍ജ് വട്ടുകുളം ആരോപിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു ഇടുക്കിയില്‍ നിന്നാണെന്ന് പറഞ്ഞ് ചില പോലീസുകാര്‍ ജോര്‍ജ് വട്ടുകുളത്തിന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയത്. ഏത് സ്റ്റേഷനില്‍ നിന്നാണെന്ന് പോലും പറയാതെ പോലീസുകാര്‍ ചില പേപ്പറില്‍ ആദ്യം ഭാര്യയോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് ഭാര്യ സമ്മതിക്കാതായതോടെ പതിനേഴ് വയസുള്ള തന്റെ മകനെ കൊണ്ട് ഒപ്പിടീക്കാന്‍ ശ്രമിച്ചതായും ജോര്‍ജ് വട്ടുകുളം മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ മണിയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്ന് പോലീസ് പറഞ്ഞതായും ഇദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിന് എന്തെങ്കിലും അറിയണമെങ്കില്‍ തന്നോട് നേരിട്ട് ചോദിക്കാമെന്നിരിക്കെ താനില്ലാത്ത സമയം നോക്കി പോലീസ് വീട്ടിലെത്തിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഇടുക്കിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു എം.എം മാണിയുടെ വിവാദ പ്രസംഗം. പൊമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗം വലിയ വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട് ജോര്‍ജ് വട്ടുകുളമായിരുന്നു മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.