വിവാഹവേദിയിൽ തോക്കുമായി യുവതി; വരന്റെ മുൻകാമുകിയെന്നു അവകാശവാദം

single-img
12 May 2017

വരന്റെ മുൻകാമുകിയാണെന്നു അവകാശപ്പെട്ട് വിവാഹവേദിയിൽ തോക്കുമായെത്തിയ യുവതി ആത്മഹത്യാഭീഷണി മുഴക്കി. താൻ വരന്റെ മുൻകാമുകിയാണെന്നും രഹസ്യമായി തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നും അവകാശപ്പെട്ട യുവതി തോക്ക് സ്വന്തം തലയിലേയ്ക്കു ചൂണ്ടി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടർന്നുണ്ടായ സംഭവങ്ങളിൽ വധുവിന്റെ ബന്ധുക്കൾ വിവാഹത്തിൽ നിന്നും പിന്മാറി. ഉത്തർപ്രദേശിലെ കാൺപൂരിനടുത്തുള്ള ദെഹാത് ജില്ലയിലെ ഒരു വിവാഹപ്പാർട്ടിയ്ക്കിടെ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണു നാടാകീയ സംഭവങ്ങൾ അരങ്ങേറിയത്.

ദേവേന്ദ്ര അവാസ്തി എന്ന യുവാവിന്റെ വിവാഹത്തിനിടെ മാലയിടീൽ ചടങ്ങ് നടക്കുമ്പോഴാണു യുവതി പിസ്റ്റലുമായി രംഗത്തെത്തിയത്. യുവതിയെ തനിക്കറിയുകപോലുമില്ലെന്നു വരൻ അവകാശപ്പെട്ടതോടെ യുവതി പിസ്റ്റൽ തന്റെ സ്വന്തം തലയിലേയ്ക്ക് ചൂണ്ടി ആത്മഹത്യാഭീഷണി മുഴക്കി. താൻ ദേവെന്ദ്ര അവാസ്തിയുടെ കുഞ്ഞിനെ ഗർഭം ധരിച്ചിട്ടുണ്ടെന്നും യുവതി അവകാശപ്പെട്ടു.

ഇതോടെ വധുവിന്റെ ബന്ധുക്കൾ വിവാഹത്തിൽ നിന്നും പിന്മാറി. അഞ്ഞൂറോളം ആളുകൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇത്തരമൊരു ചതിയനെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് വധു പറഞ്ഞതോടെയാണു തങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചതെന്നു വധുവിന്റെ ബന്ധുക്കൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ വരന്റെ വീട്ടുകാർക്കു നൽകിയ സ്ത്രീധനം അടക്കമുള്ള എല്ലാം തിരികെ വാങ്ങിയ ശേഷമാണു വധുവിന്റെ ബന്ധുക്കൾ വിവാഹവേദി വിട്ടത്. വരന്റെ ബന്ധുക്കൾ ഇടപെട്ടു പ്രശ്നം രമ്യമായി പരിഹരിക്കാമെന്നു ഉറപ്പുനൽകിയതോടെ യുവതി ആത്മഹത്യാശ്രമത്തിൽ നിന്നും പിന്മാറി. സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.