യുവസൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്ന ഭീകരരെ തിരിച്ചറിഞ്ഞതായി സൈന്യം;ഭീകരരെ പിടികൂടുന്നതിനായി തെരച്ചില്‍ വ്യാപകമാക്കി

single-img
12 May 2017

ശ്രീനഗര്‍: ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കവെ യുവസൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്ന ഭീകരരെ തിരിച്ചറിഞ്ഞതായി സൈന്യം. ലഷ്‌കറെ തയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘങ്ങളില്‍പ്പെട്ട ആറു പേരാണ് സൈനികനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ പിടികൂടുന്നതിനായി തെരച്ചില്‍ വ്യാപകമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ അമ്മാവന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ(23)യാണ് ആറംഗ ഭീകരസംഘം ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കുറച്ചു ദിവസം മുന്‍പ് പൊലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചശേഷം ഭീകരര്‍ തട്ടിയെടുത്ത തോക്കുകളാണ് സൈനിക ഓഫീസറെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയമുണ്ട്. അന്ന് ഭീകരര്‍ കവര്‍ന്ന ഇന്‍സാസ് (കചടഅട) റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ഉമറിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ചതാണ് സംശയത്തിന് കാരണം. അന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത സംഘത്തില്‍ ലഷ്‌കര്‍, ഹിസ്ബുള്‍ ഭീകരര്‍ ഉണ്ടായിരുന്നതായാണ് സംശയം. കഴിഞ്ഞ 10 മാസത്തിനിടെ ദക്ഷിണ കശ്മീരിലെ പൊലീസുകാരുടെ 40ഓളം റൈഫിളുകള്‍ ഭീകരര്‍ കവര്‍ന്നതായാണ് കണക്ക്. പുണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പരിശീലനത്തിന് ശേഷം കഴിഞ്ഞ ഡിസംബറില്‍ കരസേനയില്‍ ചേര്‍ന്ന ഫയാസ് ജമ്മുവിലെ അഖ്നൂര്‍ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. പട്ടാളത്തില്‍ ചേര്‍ന്നശേഷം ആദ്യമായി അവധിക്കു പോയതായിരുന്നു. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിരുന്നു.

ഭീകരരെ ചെറുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ മുറിവുകളും ശരീരത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മുഖംമൂടിയണിഞ്ഞ തോക്കുധാരികള്‍ വിവാഹവീട്ടിലെത്തി ഫയാസിനെ അന്വേഷിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫയാസിനെ തോക്കുചൂണ്ടി പുറത്തുകൊണ്ടു പോയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കരുതെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവസൈനികന്റെ കൊലപാതകം മേഖലയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായി. ഫയാസിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.