ചലച്ചിത്ര നടന്‍ വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ നടപടി എടുക്കുമെന്ന് ടി.പി. സെന്‍കുമാര്‍

single-img
11 May 2017

കോട്ടയം: ചലച്ചിത്ര നടന്‍ വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ നടപടി എടുക്കുമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ അറിയിച്ചു. വിജയരാഘവന്‍ നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്. വ്യാജവാര്‍ത്ത മറ്റുള്ളവരുമായി ഷെയര്‍ ചെയ്ത എല്ലാവരുടെയും മേല്‍ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വിജയരാഘവന്റെ ഫോട്ടോ പതിച്ച ആംബുലന്‍സിന്റെ ചിത്രം

വിജയരാഘവന്റെ ഫോട്ടോ പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴി വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഒരു മാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ വെച്ച് നടന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. രാമലീലയില്‍ താന്‍ മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇതാണ് യഥാര്‍ത്ഥ മരണമാക്കി മാറ്റി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന് വന്നിരിക്കുന്ന കാലത്ത് ഇനി എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു. അല്ലെങ്കില്‍ തന്നെ ആരാണ് ഇവിടെ നിയമം പാലിക്കുന്നത്? ഇതിനൊക്കെ എന്ത് നിയമമാണ് ഈ നാട്ടിലുള്ളത്’വിജയരാഘവന്‍ ചോദിക്കുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും പരാതി നല്‍കാനോ നിയമ നടപടി സ്വീകരിക്കാനോ ഒന്നും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെയൊക്കെ വെറുതെയങ്ങ് അവഗണിക്കാം അത് മാത്രമാണ് ഇതിനുള്ള വഴിയെന്നാണ് വിജയരാഘവന്റെ നിലപാട്.