സര്‍ക്കാരിന്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ എത്തപ്പൈ സഗാക്കള്‍ അടങ്ങൂ; എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

single-img
10 May 2017

തിരുവനന്തപുരം: എസ്.എഫ്.ഐയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍. വിവാഹവീട്ടില്‍ ചെന്ന് കശപിശയുണ്ടാക്കുകയും മുറ്റത്തു കിടന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ജയശങ്കര്‍ ഫേസ്്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം നടത്തിയത്.

1980 മുതല്‍ ഓരോ തവണയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രതിച്ഛായ തകര്‍ത്തത് സി.ഐ.ടി.യുക്കാരായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ ശാന്തരായെന്നും അവര്‍ക്ക് പകരം ആ ഭാരിച്ച ഉത്തരവാദിത്തം എസ്.എഫ്.ഐ സഖാക്കള്‍ ഏറ്റെടുത്തിരിക്കുകയുമാണെന്നും ജയശങ്കര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

1980 മുതലിങ്ങോട്ട് ഓരോ തവണയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രതിച്ഛായ തകര്‍ത്തത് സി.ഐ.ടി.യുക്കാരാണ്, പ്രത്യേകിച്ച് ചുമട്ടു തൊഴിലാളികള്‍. ഇത്തവണ അവര്‍ ശാന്തരാണ്. നോക്കുകൂലിയെ കുറിച്ചൊന്നും കേള്‍ക്കാനില്ല.
ഭാരിച്ച ആ ഉത്തരവാദിത്തം എത്തപ്പൈ സഗാക്കള്‍ ഏറ്റെടുത്തിരിക്കയാണ്. സര്‍ക്കാരിന്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ അവര്‍ അടങ്ങൂ.
മടപ്പളളി ഗവ.കോളേജില്‍, പാലക്കാട് വിക്ടോറിയയില്‍, തൃശൂര്‍ കേരള വര്‍മയില്‍, എറണാകുളം മഹാരാജാസില്‍, തൊടുപുഴ ന്യൂമാന്‍സില്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍- എല്ലായിടത്തും ഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും നേരിട്ടു ചെന്നാണ് കറ്റാനം എഞ്ചിനീയറിങ് കോളേജ് തച്ചുതകര്‍ത്തത്.
ലോ അക്കാദമിയില്‍ മാത്രമാണ് ഒരല്പം മങ്ങിപ്പോയത്. അതു പിന്നെ ബ്രിട്ടാസിനു വേണ്ടിയുള്ള ചെറിയൊരു വിട്ടുവീഴ്ച മാത്രമായിരുന്നു.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം!
സഗാക്കളേ, സഗികളേ മുന്നോട്ട്