അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി മോഡി സർക്കാർ; 24 സിആര്‍പിഎഫുകാര്‍ ഇനി മുഴുവന്‍ സമയവും കൂടെ

single-img
10 May 2017

കൊല്ലം: അമൃതാനന്ദമയിക്ക് മുഴുവന്‍ സമയ സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. വളളിക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സിആര്‍പിഎഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടാകും.

രാജ്യത്താകെ 300 ഓളം വ്യക്തികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളത്. സിആര്‍പിഎഫ്, സിഐഎസ്എഫ്, ഇന്തോതിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) എന്നീ വിഭാഗങ്ങളാണ് ഇവര്‍ക്കെല്ലാം സുരക്ഷ നല്‍കുന്നത്. ഇതില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സിആര്‍പിഎഫ് സുരക്ഷ നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് കേന്ദ്രത്തിനോട് ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നത്.

ഇതുപ്രകാരം മുന്നൊരുക്കങ്ങള്‍ നടത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുകൂല തീരുമാനം എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്കും സുരക്ഷ വേണ്ടെന്ന കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി കുമ്മനം വ്യക്തമാക്കിയിരുന്നു. കെ.സുരേന്ദ്രനും എംടി രമേശും സുരക്ഷ ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 സുരക്ഷാഭടന്മാരുടെ പരിരക്ഷയാണ് ലഭിക്കുന്നത്.

വിഐപി, വിവിഐപി വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷ നിശ്ചയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന രണ്ട് സമിതികളാണ്. പ്രൊട്ടക്ഷന്‍ റിവ്യൂ ഗ്രൂപ്പ്, സെക്യൂരിറ്റി കാറ്റഗറൈസേഷന്‍ കമ്മിറ്റി എന്നിവയാണ് ഇക്കാര്യം തീരുമാനിക്കാനുള്ള സമിതികള്‍. രണ്ട് കമ്മറ്റികളെയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഈ കമ്മിറ്റികളിലുണ്ട്.