സെന്‍കുമാര്‍ കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

single-img
8 May 2017

ന്യൂഡല്‍ഹി: ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് അനുസരിക്കാന്‍ വൈകിയതിനാണ് മാപ്പപേക്ഷിച്ചിരിക്കുന്നത്. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി വഴി സംസ്ഥാനസര്‍ക്കാര്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം നല്‍കിയത്.

സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. വിധി നടപ്പിലാക്കാന്‍ അല്പം കാലതാമസമുണ്ടാകുകയാണ് ചെയ്തത്. എന്നാലിപ്പോള്‍ വിധി അനുസരിച്ച് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ചിരിക്കുകയാണ്. അതിനാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നത്.

ഇതിനു പുറമേ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി പിന്‍വലിക്കാനും കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഡി.ജി.പി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുനര്‍നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയാണുണ്ടായത്.

എന്നാല്‍ ഈ ഹര്‍ജി തള്ളിയ കോടതി സര്‍ക്കാര്‍ കോടതി ചിലവായി 25,000രൂപ ഫൈന്‍ അടയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷമാണ് സെന്‍കുമാറിനെ പുനര്‍നിയമിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. ഇതിനിടെ നിയമം വൈകിയതിനെ തുടര്‍ന്ന് സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഈ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരുപാധികം മാപ്പപേക്ഷിച്ചിരിക്കുന്നത്.