‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്?’ എന്ന സര്‍ക്കാറിന്റെ പത്രപരസ്യത്തിന് ചിലവാക്കിയത് 18 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

single-img
8 May 2017

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്?’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തിന് ചിലവായത് 18ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ടി തോമസ്, വി.ടി ബല്‍റാം എന്നിവരുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദമാക്കിയത്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് പതിനാറ് കോടി രൂപ

വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിക്കാവുന്ന കാര്യങ്ങള്‍ക്ക് ഇത്രയും തുക ചിലവഴിച്ച് അരപ്പേജ് പരസ്യം നല്‍കേണ്ടതിന്റെ ആവശ്യകതയെന്തായിരുന്നു എന്ന ചോദ്യത്തിന് പത്രസമ്മേളനത്തിന്റെയും പത്രപ്പരസ്യത്തിന്റെയും സ്വാധീനം വ്യത്യസ്തമാണെന്നും ഏറ്റവും പെട്ടെന്ന് കൂടുതല്‍ പേരിലെത്തുന്നത് പത്രപ്പരസ്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ പരസ്യവുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങള്‍ ഇതുവരെ ബില്ല് എത്തിച്ചിട്ടില്ല എന്നതിനാല്‍ തുക കൈമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പതിനാറ് കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ചിലവഴിച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത് നീക്കിയ സംഭവത്തിനു പിന്നാലെയായിരുന്നു കേസിലെ സത്യാവസ്ഥയെന്ന തരത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരില്‍ പത്രങ്ങളില്‍ പരസ്യം വന്നത്. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത് നീക്കിയ സംഭവത്തില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞത്. ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണജനകമായ പ്രചാരണമാണ് ഒരു സംഘം അഴിച്ചുവിടുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.