ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ വീണ്ടും കോടതി വിധി; ഉല്‍പ്പന്നം മൂലം ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് 707 കോടി രൂപ നഷ്ടപരിഹാരം

single-img
6 May 2017

സെന്റ് ലൂയിസ്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ വീണ്ടും കോടതി വിധി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ വിര്‍ജീനിയ സ്വദേശിയായ യുവതിക്കാണ് 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 707 കോടി രൂപ ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. യു.എസിലെ മിസോറി ജൂറിയാണ് ശിക്ഷ വിധിച്ചത്. കാന്‍സര്‍ ബാധിതയായ താന്‍ ഇപ്പോഴും കീമോതെറാപ്പി ചികിത്സയിലാണെന്നും 2012 ലാണ് തനിക്ക് അസുഖം പിടിപെട്ടതെന്നും യുവതി വ്യക്തമാക്കുന്നു.

ജോണ്‍സണ്‍ ആന്റ് ജോണ്‍സനും, കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയ്‌ക്കുമെതിരെയാണ് ശിക്ഷ വിധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. ഉത്പ്പന്നം വിറ്റഴിക്കുമ്പോള്‍ ഉത്പ്പന്നത്തിന് പുറത്തായി കാന്‍സറിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് വെയ്ക്കണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടു വെച്ചു. നാല് ദശാബ്ദക്കാലമായി താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൌഡറും ഷവര്‍ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാന്‍സര്‍ പിടിപെടുന്നതെന്നും ഇവര്‍ പറയുന്നു.

അതേസമയം ഇപ്പോഴും കമ്പനി അവര്‍ക്കെതിരായ ശാസ്ത്രീയ തെളിവുകളെ അവഗണിക്കുകയാണെന്നും അമേരിക്കയിലെ സ്ത്രീകള്‍ക്ക് മേലുള്ള അവരുടെ ഉത്തരവാദിത്തം നിഷേധിക്കുകയാണെന്നും അഭിഭാഷകനായ സ്ലെം പറഞ്ഞു. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകള്‍ കമ്പനിക്കെതിരായി ഉണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സെന്റ്ലൂസിയ കോടതി ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 467 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.

നേരത്തെ സമാനമായ കേസില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി പരാതിക്കാര്‍ക്ക് 55 മില്യണ്‍ ഡോളര്‍(ഏകദേശം 365 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മെയില്‍ യു.എസ് കോടതിയും വിധിച്ചിരുന്നു. ഗ്ലോറിയ റിസ്റ്റെസുണ്ട് എന്ന യുവതിയുടെ പരാതിയിന്മേലായിരുന്നു കോടതി വിധി. കഴിഞ്ഞ ഫെബ്രുവരിയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് ഇതേ കോടതിയില്‍ തിരിച്ചടിയേറ്റിരുന്നു.

30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് അര്‍ബുദം പിടിപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കമ്പനി 72 മില്യണ്‍ ഡോളര്‍ (ഏകദേശം 493 കോടി) നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു അന്ന് കോടതിയുടെ ഉത്തരവ്.