നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

single-img
5 May 2017

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നാലുപേരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച വിധി വന്നത്.

സമാനതയില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്
എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇത് കോടതി പരിഗണിച്ചില്ല.

അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്കു വിധി പ്രസ്താവിക്കും. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകളും പാലിക്കാതെയാണു കീഴ്‌കോടതി വധശിക്ഷ വിധിച്ചതെന്ന അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ചൂടേറിയ വാദങ്ങള്‍ക്കു വഴിതുറന്നിരുന്നു. ഇക്കാരണത്താല്‍ വധശിക്ഷ റദ്ദാക്കാവുന്നതാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.2013 സെപ്റ്റംബര്‍ 11നാണ് ആറുപ്രതികളില്‍ നാലു പ്രതികള്‍ക്കു വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റംചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീടു പുറത്തിറങ്ങി. ഒന്നരവര്‍ഷത്തോളം നീണ്ട വാദത്തിനൊടുവിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അടുത്തകാലത്ത് സുപ്രീംകോടതിക്കു മുന്നിലെത്തിയ സൗമ്യ കേസിലടക്കം ഭൂരിഭാഗം കേസുകളിലും പ്രതികളുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമാണു നിര്‍ഭയ സംഭവമെന്നും പ്രതികള്‍ക്കു ശിക്ഷ കുറയ്ക്കുകയോ വെറുതെ വിടുകയോ ചെയ്താല്‍ സമൂഹ മനസാക്ഷിക്കുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കുശേഷം മരിച്ചത്.