കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

single-img
3 May 2017

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ സി.പി.ഐ.എം നടത്തിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകെയുള്ള മാധ്യമങ്ങളെ ഉപയോഗിച്ചു കമ്യൂണിസ്റ്റ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ നോക്കുകയാണ് ഇക്കൂട്ടരെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുള്ളതില്‍ 95 ശതമാനം മാധ്യമങ്ങളും സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളാണ്. എല്ലാ പുരോഗമനങ്ങളെയും ജനാധിപത്യത്തേയും ഇല്ലാതാക്കുന്ന തരം വാര്‍ത്തകളാണ് അവര്‍ പ്രസിദ്ധീകരിക്കുന്നത്. അമേരിക്കയുടെ പക്ഷത്ത് ഏതെല്ലാം രാജ്യങ്ങള്‍ ചേര്‍ന്നിട്ടുണ്ടോ അവര്‍ക്കെല്ലാം നാശം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ അമേരിക്ക പണമിറക്കിയെന്ന് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ മൊയ്നിഹാന്‍ എഴുതി വെച്ചിട്ടുണ്ട്. സമചിത്തത നഷ്ടപ്പെട്ട ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കയെ നയിക്കുന്നത്. അതുകൊണ്ടു തന്നെ ഭാവി പ്രവര്‍ത്തനങ്ങളെ ആശങ്കയോടെ കാണണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സഹദേവന്‍, എം.വി.ജയരാജന്‍, ടി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.