ഡിജിപി ആര് ? ചെന്നിത്തലക്ക് മുന്നിൽ മുട്ടിടിച്ചു പിണറായി;നിയമ സഭയിൽ വടി കൊടുത്തു അടി വാങ്ങി ബാലൻ

single-img
2 May 2017

തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശന ശരമേറ്റ് ഭരണപക്ഷത്തിന് പൊള്ളി. സംസ്ഥാനത്തെ ഡിജിപി ആരാണ് എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലാണ് നാടകീയ രംഗങ്ങൾ സഭയിൽ ഉണ്ടായത്. ലോക്നാഥ് ബഹ്റയെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും സെൻകുമാറിനെ സുപ്രീം കോടതി പുനഃ സ്ഥാപിക്കുകയും ചെയ്തതോടെയാണ് മറുപടി പറയാനാവാതെ പിണറായി കുഴങ്ങിയത്.

പോലീസ് മേധാവി ബെഹ്റ ആണെന്ന് പറഞ്ഞാൽ കോടതി അലക്ഷ്യമാകുമെന്ന് അറിയാമെന്നതിനാലാണ് പിണറായി മൗനം പാലിച്ചത്. ഇതോടെ ഡിജിപിയുടെ പേര് പോലും പറയാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനോട് ലജ്ജ തോന്നുന്നു എന്നായി പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതിനിടയിലാണ് പിണറായിയെ സഹായിക്കാൻ എത്തി നിയമമന്ത്രി എ.കെ.ബാലനും സ്വയം കുഴിച്ച കുഴിയിൽ വീണു. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ ഉത്തരവാദികളായി അന്വേഷണ സംഘം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യുഡിഎഫ് സർക്കാർ നടപടി എടുത്തില്ലെന്നായിരുന്നു ഏ കെ ബാലന്റെ കണ്ടെത്തൽ. സംഭവം നടക്കുമ്പോൾ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നതിനാൽ നടപടി എടുക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. എന്നാൽ റിപ്പോർട് സമർപ്പിച്ചത് തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു എന്ന് വാദിച്ചു രമേശ് ചെന്നിത്തലയെ വെട്ടിലാക്കാൻ ശ്രമിച്ചു. താൻ ഹരിപ്പാട് തെരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലാണ് വെടിക്കെട്ട് ദുരന്തം അറിഞ്ഞെന്നും ഉടൻ സംഭവ സ്ഥലത്തേക്ക് പോകുകയായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞതോടെ എ.കെ. ബാലന്റെ വായടഞ്ഞു. നിയമമന്ത്രി ആയ എ.കെ. ബാലൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ വസ്തുതകൾ പരിശോധിക്കണം എന്ന് പ്രതിപക്ഷ നേതാവ് ഒരു ഉപദേശവും നൽകിയതോടെ ഭരണപക്ഷത്തെ അംഗങ്ങൾ പോലും ചിരിയടക്കാൻ ബുദ്ധിമുട്ടി.

ഏപ്രിൽ 25 നു മുഖ്യമന്ത്രി മറുപടി പറയേണ്ട 230 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 20 എണ്ണത്തിന് മാത്രമാണ് നിശ്ചിത സമയത്തിനുളിൽ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പിനെ സംബന്ധിക്കുന്ന 114 ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രമാണ് മറുപടി നൽകാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞത്. നിയമസഭയിൽ നൽകുന്ന മറുപടികളെ ആധാരമാക്കിയാണ് സഭാഅംഗങ്ങൾ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കുന്നത്. ഇന്ന് ധനാഭ്യർത്ഥന പാസാക്കിയിട്ടും നിയമസഭയിൽ പത്ത് ദിവസത്തെ മുൻ‌കൂർ നോട്ടീസ് നൽകി ചോദിച്ച ചോദ്യങ്ങളെയാണ് മുഖ്യമന്ത്രി മൗനം കൊണ്ട് പ്രതിരോധം തീർത്തത്. ജിഷ്ണു പ്രണോയ് യുടെ മരണം , മഹിജയെ വലിച്ചിഴക്കൽ ,സെൻകുമാർ കേസ് , രാഷ്ട്രീയ കൊലപാതകങ്ങൾ , സ്ത്രീപീഡനം തുടങ്ങിയ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞാൽ സർക്കാർ വെട്ടിലാകും എന്നതിനാലാണ് സർക്കാർ ഒഴിഞ്ഞു മാറിയത്ധ എന്നറിയുന്നു. ധനാഭ്യർത്ഥന ചർച്ച ആരംഭിക്കുന്നതിന് മുൻപ് ഉത്തരം നൽകുന്നതിലെ വീഴ്ച പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടിയിരുന്നു. ഈ വിഷയം ഗൗരവമുള്ളതാണെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ പറഞ്ഞു.