ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന; രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഇന്ന് മുതല്‍ ദിവസേന ഇന്ധനവില മാറും

single-img
1 May 2017

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന. ഡീസല്‍ ലിറ്ററിന് 44 പൈസയും പെട്രോളിന് ഒരു പൈസയുമാണ് കൂടിയത്. സംസ്ഥാന നികുതി കൂടാതെയുള്ള വിലയാണിത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ മാസത്തെ രണ്ടാമത്തെ വില വര്‍ധനയാണിത്. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും ഡോളറിനെതിരെ രൂപയുടെ മുല്യവും കണക്കാക്കിയാണ് ഇന്ധന വില പുതുക്കിയിരിക്കുന്നത്.

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മുതല്‍ ദിവസം പ്രതിയുള്ള മാറ്റം നിലവില്‍ വരും. ആദ്യ ഘട്ടത്തില്‍ പുതുച്ചേരി, ഉദയൂര്‍, രാജസ്ഥാന്‍, ചണ്ഡീഗഡ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് വിലമാറ്റം നടപ്പിലാക്കുക. നിലവില്‍ മാസത്തില്‍ രണ്ട് തവണവീതം ഇന്ധനവില പരിഷ്‌കരിക്കുന്ന നടപടി ദിനംപ്രതി മാറുന്ന തരത്തിലേക്ക് മാറ്റാനുള്ള നിര്‍ദേശം നേരത്തെ സമര്‍പ്പിച്ചിരുന്നു. പരീക്ഷണമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കു മെന്നും അന്ന് നിര്‍ദേശം ഉണ്ടായിരുന്നു.

ഈ അഞ്ചു നഗരങ്ങളില്‍ 200 ഓളം പമ്പുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 90 ശതമാനത്തിലേറെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍, സ്വകാര്യമേഖലയിലുള്ള റിലയന്‍സ്, എസ്സാര്‍ ഓയില്‍ തുടങ്ങിയ കമ്പനികളും ഇത് പിന്തുടരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കണക്കുകൂട്ടുന്നു. വിജയമാണെന്ന് കണ്ടാല്‍ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കു മെന്നും എണ്ണക്കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ പ്രധാന ആഗോള വിപണികളെല്ലാം തന്നെ എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണവില പരിഷ്‌കരിക്കുന്നത്.

രാജ്യത്തെ എണ്ണവിപണിയിലെ 95 ശതമാനം വിഹിതവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടേതാണ്. രാജ്യത്തെ 53 ,000 ഓളം ഫില്ലിംഗ് സ്റ്റേഷനുകളില്‍ ഒട്ടുമിക്കതിലും ഓട്ടോമേഷന്‍ സൗകര്യം നിലവിലുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനം അനുസരിച്ച് ദിനംപ്രതി വില മാറ്റുന്നതിന് തടസ്സമില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

എണ്ണ വില ദിനംപ്രതിയാക്കുന്നതോടെ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഏതാനും പൈസയുടെ വ്യത്യാസമേ വരാനിടയുള്ളൂ. ഇത് ഉപഭോക്താക്കള്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എണ്ണകമ്പനികള്‍ കണക്കുകൂട്ടുന്നു. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടാകുമ്പോള്‍ സര്‍ക്കാരിന് നേരെയുണ്ടാകുന്ന പ്രതിഷേധവും, പുതിയ രീതി നടപ്പാകുന്നതോടെ ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.