രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകമാണെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേ; കേരളത്തിൽ അഴിമതി താരതമ്യേനെ കുറവ്

single-img
28 April 2017

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകയാണെന്ന് സര്‍വ്വേ ഫലങ്ങള്‍. പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന സര്‍വ്വേ സംഘടിപ്പിച്ചത്. ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്, തമിഴ്‌നാട് , മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ക്രമമനുസരിച്ച് പിന്നാലെയുണ്ട്. 20 സംസ്ഥാനങ്ങളില്‍ നിന്നു സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സര്‍വ്വേയില്‍ കേരളം, ഹിമാചല്‍ പ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറവ് അഴിമതി നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ മൂന്നില്‍ ഒരു കുടുബം കുറഞ്ഞത് ഒരു തവണ പൊതുസേവനങ്ങള്‍ കരസ്ഥമാക്കുന്നതിന് വേണ്ടി പണം നല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 2005ല്‍ നടത്തിയ സര്‍വ്വേയില്‍ രാജ്യത്ത് 53 ശതമാനം ആളുകളും അഴിമതിക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. വിവിധ ഗ്രാമങ്ങളെയും, നഗരങ്ങളെയും ഉള്‍പെടുത്തി സംഘടിപ്പിച്ച സര്‍വേയില്‍ നോട്ട് നിരോധന കാലയളവില്‍ അഴിമതി വന്‍തോതില്‍ കുറഞ്ഞു എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.

20 സംസ്ഥാനങ്ങളില്‍ നിന്നും പത്ത് പൊതു സ്ഥാപനങ്ങള്‍ക്കായ് അഴിമതി ഇനത്തില്‍ നല്‍കിയിരിക്കുന്നത് 6,350 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെങ്കില്‍ 2005ല്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ 20,500 കോടിയായിരുന്നു എന്നും പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.