യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ വിദ്യാര്‍ഥികള്‍ അനുകരിക്കണമെന്ന നിര്‍ദേശം; മീററ്റിലെ സ്വകാര്യ സ്‌കൂളിനെതിരേ പ്രതിഷേധം

single-img
28 April 2017

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ വിദ്യാര്‍ഥികള്‍ അനുകരിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നു മീററ്റിലെ സ്വകാര്യ സ്‌കൂളിനെതിരേ പ്രതിഷേധം. ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ അനുകരിക്കാതെ ക്ലാസില്‍ കയറ്റില്ലെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യം വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ അറിയിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.

മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന റിഷഭ് അക്കാഡമി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിവാദ നിര്‍ദേശം നല്‍കിയത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും മുഖ്യമന്ത്രിയുടെ മുടിവെട്ട് സ്‌റ്റൈല്‍ അനുകരിക്കണം എന്നായിരുന്നു നിര്‍ദേശം. ഇതോടെ വിദ്യാര്‍ഥികള്‍ പരാതിയുമായി വീട്ടില്‍ എത്തുകയും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയുമായിരുന്നു. സ്‌കൂളില്‍ പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കളെ പോലീസുകാര്‍ എത്തിയാണ് തടഞ്ഞത്.

ഈ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ താടിവയ്ക്കുന്നതും മാംസാഹാരം കഴിക്കുന്നത് നിരോധിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. വിദ്യാര്‍ഥികളോട് നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നും മുടി ചീകണമെന്നുമാണ് നിര്‍ദേശിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുന്ന നിലപാടിലാണ് രക്ഷിതാക്കള്‍.