ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം; അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

single-img
26 April 2017

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷ സ്ഥാനം അജയ് മാക്കന്‍ രാജിവച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മാക്കന്‍ രാജി.തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ആം ആദ്മിക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്.

ഡെല്‍ഹിയെ സംബന്ധിച്ച് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെട്ടതാണെന്നും എന്നാല്‍ താന്‍ ഉദ്ദേശിച്ചപോലെയുള്ള വിജയം ലഭിച്ചില്ലെന്നും രാജി പ്രഖ്യാപിച്ച് മാക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ഏകദേശം പൂര്‍ണ്ണമായും പുറത്തു വന്നുകഴിഞ്ഞു. 270 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 29 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരന്നെങ്കില്‍ വിജയിക്കാമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞിരുന്നു.