കേരളത്തിന്റെ റോഡ് ചരിത്രതത്തിലെ നാഴികക്കല്ല്; കുതിരാനിലെ ഇരട്ടതുരങ്ക പാതയിലെ രണ്ടാം തുരങ്കവും കൂട്ടിമുട്ടി: 3 മാസംകൊണ്ട് ഗതാഗത യോഗ്യമാകും

single-img
22 April 2017

പട്ടിക്കാട്: ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ട തുരങ്കത്തിന്റെ രണ്ടാമത്തെ തുരങ്കവും തുറന്നു.

ഇതോടെ കേരളത്തിന്റെ റോഡ് ചരിത്രത്തിലേക്കുള്ള നാഴികക്കല്ലായി കുതിരാന്‍ തുരങ്കം മാറി. വെള്ളിയാഴ്ച രാത്രി എട്ടിനു പ്രഗതി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എംഎന്‍എസ് കൃഷ്ണരാജ് അവസാന ബ്ലാസ്റ്റിംഗ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചതോടെ കുതിരാനിലെ രണ്ടാമത്തെ തുരങ്കവും തുറക്കപ്പെട്ടു. ഡയറക്ടര്‍ വിഷ്ണുവര്‍മ്മ, ഫോര്‍മാന്‍മാരായ സുദേവന്‍, മോഹനന്‍, പിആര്‍ഒ ശിവാനന്ദന്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു. തുരങ്കം തുറന്നത് സന്ദര്‍ശിക്കുവാനായി എംപിമാരായ പി.കെ.ബിജു, എം.ബി.രാജേഷ്, എംഎല്‍എ കെ.രാജന്‍, ജില്ലാ കളക്ടര്‍, എഡിഎം, എസിപി എന്നിവര്‍ ഇന്ന് സ്ഥലത്തെത്തുകയും ചെയ്തു.

735 മീറ്ററിലാണ് തുരങ്കം ഒന്നായത്. ആദ്യത്തെ തുരങ്കം 750 മീറ്ററില്‍ ആണ് കൂട്ടിമുട്ടിയത്. അവസാനത്തെ സ്‌ഫോടനം കഴിഞ്ഞപ്പോള്‍ തന്നെ നിര്‍മാണ തൊഴിലാളികള്‍ ആര്‍പ്പുവിളിച്ചും നൃത്തംവച്ചും ആഹ്ലാദം പങ്കുവച്ചു. ഏകദേശം 15 മാസം രാപ്പകലില്ലാതെ ഓരോ തൊഴിലാളിയും സ്വയം അര്‍പ്പിച്ചതിന്റെ വിജയമാണിത്. 250ല്‍പരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.

945 മീറ്റര്‍ വീതമുള്ള രണ്ട് തുരങ്കമാണ് അവസാനഘട്ടത്തിലെത്തുന്നത്. 12 മീറ്റര്‍ പാറയാണ് പൊട്ടിക്കാനുണ്ടായത്. ബെന്‍ജിംഗ് കോണ്‍ക്രീറ്റിംഗ് ഇരു തുരങ്കങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്ന പണികളാണ് ഇവിടെ നടക്കുക. ആദ്യ തുരങ്കത്തിലെ ബെന്‍ഡിംഗ് 90 ശതമാനവും പൂര്‍ത്തിയായി.

തുരങ്കത്തിനകത്ത് എന്തെങ്കിലും തടസം നേരിട്ടാല്‍ അടുത്ത തുരങ്കത്തിലേക്ക് ഗതാഗതം മാറ്റിവിടുന്നതിനാണ് 300 മീറ്ററിലും 600 മീറ്ററിലും രണ്ടു തുരങ്കങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നത്. ഇരുന്പുപാലത്തില്‍ നിര്‍മിക്കുന്ന രണ്ട് പാലങ്ങളുടെ പണി പൂര്‍ത്തിയായാല്‍ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടും. മേയ് ജൂണ്‍ മാസത്തോടെ വാഹനഗതാഗം നടത്താന്‍ സാധിക്കും എന്ന നിലപാടിലാണ് കരാര്‍ പണിക്കാര്‍. 2016 ഓഗസ്റ്റിലാണ് രണ്ടാമത്തെ തുരങ്കത്തിന്റെ പണി തുടങ്ങിയത്. ഇതിനിടയില്‍ സമരത്തില്‍പ്പെട്ട് പല തവണ പണികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

28 എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. തുരങ്കത്തിനകത്തെ ലൈറ്റിങ്, വെന്റിലേറ്റര്‍ ജോലികള്‍ ചെയ്യാന്‍ വിദഗ്ധരെ കൊണ്ടുവരും. ഒരു കാരണവശാലും പാറ താഴേക്ക് ഇരിക്കാത്ത രീതിയിലാണ് നിര്‍മാണം. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് തുരങ്കം സജ്ജമാക്കുന്നത്. ഉള്ളില്‍ യാത്രക്കാരുടെ സുരക്ഷക്ക് ഹൈടെക് സംവിധാനമാണ് ഒരുക്കുന്നത്. പത്ത് സി.സി.ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. കാമറക്കാഴ്ച കാണാന്‍ പുറത്ത് സ്‌ക്രീനുകള്‍ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറക്കില്ല. പൊടി വലിച്ചെടുത്ത് പുറത്തു കളയാനുള്ള ബ്‌ളോവറുകള്‍ ഇരുവശത്തും സ്ഥാപിക്കും. രണ്ടറ്റത്തും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുകളില്‍ മധ്യഭാഗത്ത് ലൈറ്റുകളും സ്ഥാപിക്കും.