കേരള സര്‍ക്കാരിനു പിഴച്ചിടത്തു നിന്നും കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്നു; മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി അനില്‍ മാധവ്

single-img
22 April 2017

ന്യൂഡല്‍ഹി: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ. കയ്യേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മൂന്നാറിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കല്ല പരിസ്ഥിതി സംരക്ഷണത്തിനാണ് മുന്‍ഗണന അതിനാലാണ് കേന്ദ്രം ഇടപെടുന്നത്.

കൈയേറ്റങ്ങളെക്കുറിച്ച് ഏതു തരം അന്വേഷണം നടത്തുമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള കേരള നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഇവിടം കേന്ദ്രമന്ത്രി സി.ആര്‍ ചൗധരി സന്ദര്‍ശിച്ചിരുന്നു.മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് അദ്ദേഹം അന്നു തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതില്‍ ക്രൈസ്തവ സഭകള്‍ക്കില്ലാത്ത വികാരം മുഖ്യമന്ത്രി എന്തിനാണ് പ്രകടിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു.

കൈയേറ്റങ്ങളെ കൈയേറ്റമായി കണക്കാക്കണം. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ല. സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മൂന്നാര്‍ സന്ദര്‍ശിച്ചു നിജസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.