പെട്രോള്‍ വിലയ്ക്കു മുന്നില്‍ ഭയക്കാതെ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ; രാജ്യത്തിനു തന്നെ മാതൃകയായി പൂര്‍ണ്ണ സജ്ജീകരണങ്ങളോടു കൂടിയുള്ള ഇലക്ട്രിക് ഓട്ടോ പുറത്തിറക്കി കേരളം

single-img
19 April 2017

കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ കൊണ്ടു നടക്കുന്നവരുടെ നടുവൊടിക്കുന്ന ഓട്ടോ ഇനി പഴങ്കഥ. സാധാരണക്കാരുടെ വാഹനമെന്നറിയപ്പെടുന്ന ഓട്ടോറിക്ഷയില്‍ പുതു പരീക്ഷണവുമായി ആറാലുംമൂട്ടിലെ ലാര്‍സെന്‍സ് എഞ്ചിനീയറിംഗ് വര്‍ക്‌സ്.

ചാര്‍ജ് ചെയ്തുപയോഗിക്കാവുന്ന ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹീറോ,മഹീന്ദ്ര പോലുള്ള വന്‍കിട കമ്പനികള്‍ നേരത്തെ തന്നെ ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞെങ്കിലും ഇതാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം ഈ സംരഭവുമായി മുന്നോട്ട് വരുന്നത്.

നെയ്യാറ്റിന്‍കര എംഎല്‍എയായ കെ അന്‍സലനാണ് തന്റെ ഫേസ്ബുക്ക് പേജില്‍കൂടി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടുതന്നെ കുതിച്ചുയരുന്ന പെട്രോള്‍ഡീസല്‍ വിലയില്‍ ആശങ്കയേ വേണ്ട. ബാറ്ററി 4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. മണിക്കൂറില്‍ 55 കി.മീ വേഗതയോടെ യാതൊരുവിധ പുകയോ ശബ്ദമോ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഓട്ടോ നല്ല യാത്രാസുഖം പ്രദാനം ചെയ്യുന്നതോടോപ്പം തന്നെ തീര്‍ത്തും പരിസ്ഥിതി സൗഹൃദവുമാണ്.

മാത്രമല്ല,വണ്ടിയില്‍ ഉപയോഗിക്കുന്ന ബാറ്ററിക്ക് മൂന്നു വര്‍ഷത്തെ വാറന്റിയുണ്ട്. വണ്ടിയുടെ വിലയില്‍ 60,000 രൂപ ഗവണ്മെന്റ് സബ്‌സിഡിയായും ലഭിക്കും.

കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ 1978 ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ഏക പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതും ആറാലും മൂട്ടിലാണ്. ഓട്ടോറിക്ഷകള്‍, പിക്കപ്പ് വാനുകള്‍, ഡെലിവറി വാനുകള്‍ തുടങ്ങി മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണത്തിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഈ സ്ഥാപനം വെവിധ്യവത്കരണത്തിന്റെ പാതയിലാണിപ്പോള്‍. അതേ ആറാലുംമൂട്ടില്‍ നിന്നുതന്നെയാണ് ഈ ഇലക്ട്രിക് ഓട്ടോയുടെ ജനനവും.