ഞങ്ങളും അമ്മയുടെ കൂടെയായിരുന്നു, പക്ഷേ അവര്‍ ഞങ്ങളെ ശത്രുപക്ഷമാക്കി: മഹിജയുടെ സമരത്തെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍

single-img
18 April 2017

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യം കെട്ടുകഥയാണെന്നും സുധാകരന്‍ പറഞ്ഞു.

ഈ സമരം കൊണ്ട് എന്ത് നേടിയെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ ആ അമ്മയുടെ കൂടെയായിരുന്നുവെന്നും അവരുടെ കൂടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. അമ്മയെ ഒരു കളിപ്പാവയായി വച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് അമ്മാവന്‍ എന്നു പറയുന്ന ആ ചെറുപ്പക്കാരന്‍ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.

അദ്ദേഹം ഒരേ സമയം ദേശാഭിമാനിക്കാരനും പാര്‍ട്ടിക്കാരനുമാണെന്നു പറയുകയും ഗവണ്‍മെന്റിനെതിരെ സംസാരിക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി. ആ സുഹൃത്ത് അമ്മയെ പറഞ്ഞ് മനസിലാക്കണമായിരുന്നുവെന്നും ഇപ്പോള്‍ ചെയ്തത് സര്‍ക്കാര്‍ നേരത്തേയും ചെയ്യുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിനെ സമരമൊന്നും ബാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും സസുധാകരന്‍ അഭിപ്രായപ്പെട്ടു.