വേനല്‍ കാട്ടുമൃഗങ്ങളേയും കൊല്ലുന്നു; വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ പുലിമുണ്ടയില്‍ കുളം കുഴിച്ചു നല്‍കി വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍

single-img
16 April 2017

നിലമ്പൂര്‍: വേനല്‍ കടുത്തതോടെ വെള്ളം കിട്ടാതലയുന്ന വന്യമൃഗങ്ങള്‍ക്കായി കരുളായി ഉള്‍വനത്തില്‍ കുളം നിര്‍മിച്ചു. പടുക്ക വനംസ്റ്റേഷന്‍ പരിധിയിലെ പുലിമുണ്ട വാച്ച് ടവറിനടുത്താണ് കുളം. മുണ്ടക്കടവ് വനസംരക്ഷണ സമിതി (വി.എസ്.എസ്.)യുടെ നേതൃത്വത്തില്‍ ജി.ഐ.എം പദ്ധതിയുടെ ഫണ്ടുപയോഗിച്ചായിരുന്നു നിര്‍മ്മാണം.

16അടി നീളവും 12അടി വീതിയുമുള്ള കുളത്തിന് രണ്ടുമീറ്റര്‍ താഴ്ചയുണ്ട്. മൃഗങ്ങള്‍ക്ക് കുളത്തിലേക്കിറങ്ങാന്‍ പാകത്തിന് ചരിച്ചാണ് ഒരുവശം നിര്‍മിച്ചിട്ടുള്ളത്. രണ്ടടിയോളം വെള്ളമാണിപ്പോള്‍ കുളത്തിലുള്ളത്.

ഉച്ചക്കുളം വി.എസ്.എസിന്റെ നേതൃത്വത്തില്‍ പോത്തന്‍കുളം എന്ന സ്ഥലത്തും നെടുങ്കയത്തേക്ക് പോകുന്ന മറ്റൊരു സ്ഥലത്തുമായി രണ്ടു കുളം കൂടി നിര്‍മ്മിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെറിയ കുഴികളെടുത്ത് പ്ലാസ്റ്റിക് ഷീറ്റു വി
രിച്ച് വെള്ളംനിറയ്ക്കുന്ന പദ്ധതിയും നടത്തിയിരുന്നു. ഇതില്‍ ചിലത് മൃഗങ്ങള്‍ വെള്ളത്തിലിറങ്ങി പ്ലാസ്റ്റിക് നശിപ്പിച്ചതിനാല്‍ വെള്ളം ചോര്‍ന്നുപോയിട്ടുമുണ്ട്.

കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് വനംവകുപ്പ് വനപ്രദേശങ്ങളില്‍ കുളങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.