സ്ത്രീകളെ ബഹുമാനിക്കണം, ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണം: ലോകത്തിന് ഈസ്റ്റര്‍ സന്ദേശവുമായി മാര്‍പ്പാപ്പ

single-img
16 April 2017

റോം: കുരിശു മരണത്തിനു ശേഷമുള്ള യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ ഈസ്റ്റര്‍ ദിന സന്ദേശവുമായി മാര്‍പ്പാപ്പ. ‘സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണ’മെന്നുമായിരുന്നു പ്രത്യാശയുടെ ഈ വേളയില്‍ അദ്ദേഹം ലോകത്തോട് പറഞ്ഞത്.കുരിശില്‍ തറച്ച ക്രിസ്തുദേവനെ കാണാന്‍ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ ഈ വാക്കുകള്‍.

ഉയിര്‍പ്പ് തിരുനാള്‍ രാത്രിയില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലുള്ള കുര്‍ബാനയ്ക്ക് പതിനായിരങ്ങളാണ് ഒത്തുചേര്‍ന്നത്. മനുഷ്യനിലെ നന്മയും മഹത്വവും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പാടില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

അഴിമതി ലോകത്തു നിന്ന് തുടച്ചു നീക്കണം. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.