പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ക്ക് നാലര വര്‍ഷമായി സ്വന്തം സമുദായത്തിന്റെ ഊരുവിലക്ക്; മാതാപിതാക്കളോടു പോലും സംസാരിക്കുന്നതു വിലക്കി സമുദായ നേതാക്കള്‍

single-img
16 April 2017

മാനന്തവാടി:പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ യുവദമ്പതികള്‍ക്ക് സമുദായത്തിന്റെ ഊരുവിലക്ക്.മാനന്തവാടി സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികളെയാണ് പരസ്പരം ഒന്നിച്ചതിന്റെ പേരില്‍ നാലര വര്‍ഷമായി സ്വസമുദായം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്.

യാദവ സമുദായാംഗങ്ങളായ ഇവര്‍ 2012 ലാണ് രജിസ്റ്റര്‍ വിഹാഹം നടത്തിയത്. ഒരേ സമുദായത്തിലെ അംഗങ്ങളായിരുന്നിട്ടു കൂടി വിവാഹം ആചാര വിധിപ്രകാരം നടത്താതെ രജിസ്റ്റര്‍ ചെയ്തതിന്റെ പേരിലാണ് ഇരുവര്‍ക്കും സമുദായം വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

സമുദായത്തിലെ വിവാഹമരണാനന്തര ചടങ്ങുകളിലൊന്നും തന്നെ ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ചടങ്ങില്‍ അടുത്ത് ഇരുന്നതിന്റെ പേരില്‍ സുകന്യയുടെ കുടുംബത്തിന് മൂന്ന് മാസത്തേക്ക് വിലക്ക് കല്‍പ്പിച്ചിരുന്നു. ഇരുവരെയും കുലംകുത്തികളായും കളങ്കിതരായും വിശേഷിപ്പിച്ച് സമുദായം ലഘുലേഖയും പുറത്തിറക്കിയിരുന്നു. നാലു വര്‍ഷങ്ങളായി സ്വന്തം മാതാപിതാക്കളോട് പോലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദമ്പതികള്‍.

‘നാലര വര്‍ഷമായി സമുദായത്തില്‍ നിന്ന് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. വീട്ടില്‍ കയറാന്‍ പാടില്ല. മാതാപിതാക്കളോട് സംസാരിച്ചാല്‍ അവരെയും സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് ഭീഷണിയെന്നും’ അരുണ്‍ പറഞ്ഞു.

പ്രധാന മന്ത്രിയുടെ മൊബൈല്‍ ആപ്പ് വഴി ഇവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, മാനന്തവാടി പൊലീസ് ദമ്പതികളെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.