ബ്ലാക്ക്മെയില്‍ ചെയ്തു പണം അപഹരിക്കല്‍: കന്നഡ ചാനല്‍ സി ഇ ഓ അറസ്റ്റില്‍

single-img
15 April 2017

ചാനലിൽ വാർത്തനൽകുമെന്നു ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ കേസിൽ കന്നഡ ടെലിവിഷൻ ചാനലിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ. ജനശ്രീ ടിവി എന്ന സ്വകാര്യ ചാനലിന്റെ സി ഇ ഓ ആയ ലക്ഷ്മിപ്രസാദ് വജപ്പൈ ആണു അറസ്റ്റിലായത്.

തന്റെ ബ്ലാക്ക്മെയിലിംഗ് ശൃംഖല നടത്തിക്കൊണ്ടുപോകാനുള്ള ഒരുപകരണമായി ചാനലിനെ അയാൾ ഉപയോഗിക്കുകയായിരുന്നു എന്ന് ബംഗളൂരു ഈസ്റ്റ് അഡിഷണൽ കമ്മീഷണർ ഹേമന്ത് നിംബാൽക്കർ മാധ്യമങ്ങളോട് പറഞ്ഞു.

“വജപ്പൈ തന്റെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു വ്യാപാരി നൽകിയ പരാതിയിന്മേലാണു അയാളെ അറസ്റ്റ് ചെയ്തത്. ഈ വ്യാപാരിയുടെ ബിസിനസ്സിന്റെ രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടാതിരിക്കാൻ പത്തുകോടിരൂപ വേണമെന്ന് വജപ്പൈ ആവശ്യപ്പെട്ടു,” ഹേമന്ത് നിംബാൽക്കർ പറയുന്നു.

വജപ്പൈയോടൊപ്പം അയാളുടെ ഒരു സഹായിയും അറസ്റ്റിലായിട്ടുണ്ട്. വജപ്പൈയ്ക്കെതിരെ സമാനമായ നിരവധി പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ബംഗളൂരുവിലെ കൊമേഴ്സ്യൽ സ്റ്റ്രീറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അത്തരമൊരു പരാതിപ്രകാരം വജപ്പൈ ഒരു വ്യാപാരിയെ ഭീഷണിപ്പെടുത്തി പത്തുകോടി രൂപയും മുപ്പതുലക്ഷം രൂപയുടെ സ്വർണ്ണവും തട്ടിയെടുത്തിട്ടുണ്ട്.

ബംഗളൂരുവിലെ കോരമംഗല ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനശ്രീ ചാനൽ യഷ് ബ്രോഡ്കാസ്റ്റിംഗ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണു.