പാക്കിസ്താനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മതനിന്ദ ആരോപിച്ച് സഹപാഠികള്‍ മര്‍ദ്ദിച്ചുകൊന്നു

single-img
14 April 2017

അഹമ്മദിയ്യ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് പാകിസ്താനില്‍ ജേര്‍ണലിസം  വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചതിനു ശേഷം വെടിവെച്ചു കൊന്നു. മര്‍ദാന്‍ പ്രവിശ്യയിലെ അബ്ദുള്‍ വാലി ഖാന്‍  യൂണിവേഴ്സിറ്റിയിലെ   വിദ്യാര്‍ത്ഥിയാണു കൊല്ലപ്പെട്ട മാഷല്‍ ഖാന്‍.

അക്രമാസക്തരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാഷലിനെയും സഹപാഠി അബ്ദുള്ളയെയും മതനിന്ദയാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.  അവര്‍ അബ്ദുള്ളയെ വളയുകയും ഖുറാനില്‍ നിന്നുള്ള സൂക്തങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ അഹമ്മദിയ്യ വിശ്വസിയല്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും പ്രകോപിതരായ ആള്‍ക്കൂട്ടം അബ്ദുള്ളയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.  തക്കസമയത്ത് ക്യാമ്പസില്‍ എത്തിയ പൊലീസ് അബ്ദുള്ളയെ രക്ഷിച്ചുവെങ്കിലും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന മാഷല്‍ അക്രമിക്കപ്പെടുകയായിരുന്നു.

അക്രമത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റിയിലെ മുന്‍ നിര വിദ്യാര്‍ത്ഥി നേതാക്കളെല്ലാം അക്രമി ഗണത്തിലുണ്ടായിരുന്നതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദ്യാര്‍ത്ഥി പാകിസ്താന്‍ ദിനപത്രമായ “ദി ഡോണ്‍”നോട് പറഞ്ഞു.

കൊല ചെയ്യപ്പെട്ട മാഷല്‍ പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും തന്റെ രാജ്യത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തിരുന്നുവെങ്കിലും മതത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല എന്നു അദ്ദേഹത്തിന്റെ അദ്ധ്യാപിക വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.

https://www.youtube.com/watch?v=Sa7iqAcTdo0