ലോഡിങ് തര്‍ക്കത്തെതുടര്‍ന്ന് നെല്ലുകയറ്റിയ ലോറിയുടെ ടയര്‍ കുത്തിക്കീറി സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ തൊഴിലാളി വിപ്ലവം

single-img
14 April 2017

മാന്നാര്‍: ചെന്നിത്തലയില്‍ പാടശേഖരത്തില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം. തൃപ്പെരുന്തുറ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ലോഡ് കയറ്റിയ ലോറിയുടെ ടയര്‍ കുത്തിക്കീറി.

ചെന്നിത്തല പാടശേഖരത്തിലെ മൂന്നാം ബ്ലോക്കില്‍ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഡി.ഫിലേന്ദ്രന്‍, കെഎസ്‌കെടിയു യൂണിറ്റ് പ്രസിഡന്റ് കെ സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടയര്‍ കുത്തിക്കീറിയത്.

ഫിലേന്ദ്രനും സോമനും ഉള്‍പ്പെടുന്ന 47 തൊഴിലാളികളാണ് ഇവിടെ ലോറിയില്‍ ലോഡ് കയറ്റിക്കൊണ്ടിരുന്നത്. വൈകുന്നേരത്തോടെ ഒന്നാം ബ്ലോക്കിലെ നെല്ല് ലോറിയില്‍ കയറ്റി. തുടര്‍ന്ന് മൂന്നാം ബ്ലോക്കിലെ നെല്ല് ലോറിയില്‍ കയറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചയായപ്പോള്‍ മറ്റുള്ളവരോട് ലോഡ് കയറ്റിക്കൊള്ളാന്‍ പറഞ്ഞ് ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 19 പേര്‍അവിടെനിന്നുപോയി.

തുടര്‍ന്ന് 28പേര്‍ ലോഡ് കയറ്റി. മൂന്നൂറ്റിയമ്പതോളം ചാക്ക് നെല്ല് ലോറിയില്‍ കയറ്റിക്കഴിഞ്ഞപ്പോള്‍ ലോഡ് ചുമക്കാന്‍ തയ്യാറാകാതെ പോയവര്‍ തിരികെയെത്തുകയും മറ്റുള്ളവരുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു.തുടര്‍ന്നാണ് ലോഡ് നിറച്ചിരിക്കുന്ന ലോറിയുടെ ടയര്‍ കുത്തിക്കീറുന്നത്.സംഭവത്തെ തുടര്‍ന്ന മൂന്നുപേര്‍ക്ക് മര്‍ദനമേറ്റതായി തൊഴിലാളികള്‍ പറഞ്ഞു.

വിവരമറിഞ്ഞ് രാത്രി 12 മണിയോടെ എത്തിയ പോലീസ് സ്റ്റെപ്പിനി ടയര്‍ ഇട്ട് പൊയ്‌ക്കൊള്ളാന്‍ ലോറിജീവനക്കാരോട് നിര്‍ദേശിച്ചിട്ട് മടങ്ങുകയാണുണ്ടായതെന്നും തൊഴിലാളികള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ സി.പി.എം. നേതാക്കളായ കെ നാരായണപിള്ള, ജിനു ജോര്‍ജ് എന്നിവരെത്തി ലോറിയുടമയുമായും തൊഴിലാളികളുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ലോഡിങ്ങിനെ എതിര്‍ത്ത തൊഴിലാളികള്‍ ചേര്‍ന്ന് ടയറിന്റെ വിലയായി 21,000 രൂപ നല്‍കി പ്രശ്‌നം പരിഹരിക്കുകയുണ്ടായി.